കൊച്ചി: സംസ്ഥാനത്തെ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കെതിരായ അക്രമം വര്‍ധിക്കുന്നതായി ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേരള ഹെല്‍ത്ത്കെയര്‍ സര്‍വീസ് പേഴ്സണ്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ സര്‍വീസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അക്രമവും സ്വത്ത് നാശവും തടയല്‍) നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കെതിരായ ആക്രമണങ്ങള്‍ കുറഞ്ഞിട്ടില്ലെന്നും സിംഗിള്‍ബെഞ്ച് വിലയിരുത്തി. വനിതാ ആയുര്‍വേദ ഡോക്ടറെ ആക്രമിച്ച കേസിലെ ഏക പ്രതി തിരുവനന്തപുരം സ്വദേശി ജോസഫ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ആണ് ഈ നിരീക്ഷണം നടത്തിയത്.
മാര്‍ച്ച് 18ന് ഡോക്ടറെ ക്ലിനിക്കില്‍ വച്ച് ചാക്കോ ആക്രമിക്കുകയും താലിമാല തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന് പറയുന്നത്. പ്രതി കണ്‍സള്‍ട്ടിങ് റൂമില്‍ കയറി ഒരു ടാബ്ലറ്റ് ആവശ്യപ്പെട്ടു. സ്റ്റോക്ക് ഇല്ലെന്ന് ഡോക്ടര്‍ അറിയിച്ചപ്പോള്‍ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് കേസ്. ഇതേത്തുടര്‍ന്നാണ് ചാക്കോയ്ക്കെതിരെ പോലീസ് കേസെടുത്തത്, തുടര്‍ന്ന് ഹര്ജിക്കാരന് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം തേടി.
എന്നാല്‍ അന്വേഷണം ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍ ഹര്‍ജി നല്കി. ചാക്കോയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തു, കാര്യക്ഷമമായ അന്വേഷണത്തിന് ചാക്കോയുടെ കസ്റ്റഡി ആവശ്യമാണെന്ന് സര്‍ക്കാര്‍ വാദിച്ചു.
ചെറിയ കാരണങ്ങളാല്‍ ഡോക്ടര്‍മാരെയും ആശുപത്രി ജീവനക്കാരെയും അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്യുന്നത് പതിവായതായി നിരീക്ഷിച്ച കോടതി ചാക്കോയുടെ ഹര്‍ജി തള്ളുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും അന്വേഷണം പക്ഷപാതമില്ലാതെ മുന്നോട്ട് പോകുന്നതായി തെളിവുകള്‍ സൂചിപ്പിക്കുന്നതായി ഡോക്ടറുടെ ഹര്‍ജിയില്‍ ബെഞ്ച് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത് അനാവശ്യമാണെന്ന് കരുതുന്നതായും നിലവിലെ അന്വേഷണ ഉദ്യോഗസ്ഥന് തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: