ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനുശേഷം പരാതികള്‍ ഉന്നയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വിവിധ യൂണിറ്റുകള്‍ പരിശോധിക്കുന്നതിനുള്ള മാര്‍ഗരേഖ തെരഞ്ഞെടുപ്പ് കമ്മിഷന് പുറത്തിറക്കി.
കണ്ട്രോള് യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവയുടെ പരിശോധനയ്ക്കായി സ്ഥാനാര്‍ത്ഥികള്‍ 40,000 രൂപയും ജിഎസ്ടിയും നല്‍കണം. 18 ശതമാനമാണ് ജിഎസ്ടി തുക. ക്രമക്കേട് നടന്നതായുള്ള ആരോപണം തെളിഞ്ഞാല്‍ തുക സ്ഥാനാര്‍ത്ഥികള്‍ക്ക് മടക്കി നല്‍കും. രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്ന സ്ഥാനാര്‍ത്ഥികള്‍ക്കാണ് ഈ അവസരം ലഭിക്കുക.
വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നതായി സംശയമുണ്ടെങ്കില്‍ ഫലപ്രഖ്യാപനം നടന്ന് ഏഴു ദിവസത്തിനുള്ളില്‍ പരിശോധന വേണമെന്ന് ആവശ്യപ്പെടണം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ സംസ്ഥാനത്തെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് കൈമാറണം. ഈ അപേക്ഷകള്‍ വോട്ടിങ് യന്ത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് കൈമാറും. ഒരു മാസത്തിനുള്ളില്‍ ഈ നടപടികളെല്ലാം പൂര്‍ത്തിയാക്കണമെന്നാണ് മാര്‍ഗരേഖയില്‍ പറയുന്നത്.
ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ശതമാനം വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ ആവശ്യപ്പെടാം. സ്ഥാനാര്‍ത്ഥികളുടെയും വോട്ടിങ് യന്ത്രത്തിന്റെ നിര്‍മാതാക്കളായ സ്ഥാപനങ്ങളിലെ എന്‍ജിനീയര്‍മാരുടെയും സാന്നിധ്യവും പരിശോധനാ സമയത്തുണ്ടാകും. രണ്ട് മാസത്തിനുള്ളില്‍ പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗരേഖയിലുള്ളത്. എന്നാല്‍ തെരഞ്ഞെടുപ്പ് കേസുകളുണ്ടെങ്കില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പരിശോധന നടക്കൂ.
പ്രത്യേകം സജ്ജീകരിച്ച മുറികളിലാണ് പരിശോധനകള്‍ നടത്തേണ്ടത്. സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ മാത്രമേ വോട്ടിങ് യന്ത്രങ്ങള്‍ തുറക്കാനും സീല്‍ ചെയ്യാനും പാടുള്ളൂ. എല്ലാ നടപടിക്രമങ്ങളുടെയും വീഡിയോ ചിത്രീകരിക്കണമെന്നും മാര്‍ഗരേഖയിലുണ്ട്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗരേഖ തയാറാക്കി പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: