കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും നിര്‍ണായകമാകും. രാജ്യത്ത് മറ്റെവിടെയെങ്കിലും പാര്‍ട്ടിക്ക് ഒരു സീറ്റെങ്കിലും ലഭിക്കാനുള്ള സാധ്യത തന്നെ തീരെക്കുറവാണെന്നതിനാല്‍ പ്രതീക്ഷ മുഴുവന്‍ കേരളത്തിലാണ്. എന്നാല്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും കേരളത്തിലെ അവസ്ഥ ഇപ്പോള്‍ അതിദയനീയവും.
ഒന്നിനു പിന്നാലെ മുഖ്യമന്ത്രിക്കു നേരെ ഉയര്‍ന്ന അഴിമതി, മാസപ്പടി, സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍, മകള്‍ വീണയ്ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ തുടങ്ങിയവയെല്ലാം സര്‍ക്കാരിനെയും പാര്‍ട്ടിയെയും വലിയ കുഴപ്പത്തിലാണ് എത്തിച്ചിരിക്കുന്നത്. ഇതിനുപുറമേ സര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി, ഭരണത്തിലെ ഗുരുതരമായ വീഴ്ചകള്‍, കെടുകാര്യസ്ഥത, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പാവപ്പെട്ടവരുടെ തുച്ഛമായ സാമൂഹ്യ പെന്‍ഷനും വരെ മുടങ്ങിയത്, വിലക്കയറ്റം, തൊഴിലില്ലായ്മ, പാര്‍ട്ടിക്കാരുടെ അക്രമങ്ങള്‍, അഴിമതി, അഹങ്കാരം എന്നിവയെല്ലാം സര്‍ക്കാരിനെതിരെ വലിയ ജനവികാരം ഉണ്ടാക്കിയിട്ടുണ്ട്. ക്രമസമാധാന തകര്‍ച്ച, സിദ്ധാര്‍ത്ഥന്റെ അരുംകൊല, ഗുണ്ടാ വിളയാട്ടം, പോലീസിന്റെ മാഫിയാബന്ധം എന്നിവയും സര്‍ക്കാരിനും പാര്‍ട്ടിക്കും വളരെ മോശമായ പേരാണ് ചാര്‍ത്തിക്കൊടുത്തത്.
ബാര്‍ കോഴയാണ് സര്‍ക്കാരിനെയും പാര്‍ട്ടിയേയും ഒരു പോലെ പിടിച്ചുലച്ച ഏറ്റവും ഒടുവിലത്തെ അഴിമതി. ഡ്രൈ ഡേ എടുത്തുകളയാനും ഇന്‍ഫോപാര്‍ക്കിലും മറ്റും മദ്യക്കടകള്‍ തുറക്കാന്‍ അനുമതി നല്‍കാനും മറ്റുമായി ആയിരം കോടിയുടെ കോഴ ഇടപാടിന് വഴി തുറന്നതായിടുന്നു വിവാദമായത്. പാര്‍ട്ടി ഇതിനകം 25 കോടി വാങ്ങുകയും ചെയ്തുവെന്നായിരുന്നു ആരോപണം. ഈ വിവാദം കേരളത്തിലെ തെരഞ്ഞെടുപ്പിനു ശേഷമാണ് ഉയര്‍ന്നത്. അല്ലായിരുന്നെങ്കില്‍ പാര്‍ട്ടിയുടെ അവസ്ഥ അതിദയനീയമായേനെ.
കടുത്ത പാര്‍ട്ടി അണികള്‍ക്കു പോലും സര്‍ക്കാരിനെയും അവരുടെ നടപടികളിയും ദഹിക്കുന്നില്ല. പാര്‍ട്ടിയുടെ സര്‍വീസ് സംഘടനകള്‍ക്കും ഈ സര്‍ക്കാര്‍ ഒന്നു പോയിരുന്നുവെങ്കില്‍ എന്ന ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്. ഘടക കക്ഷികളുടെ നിലപാടും വ്യത്യസ്തമല്ല. ബാര്‍ കോഴയില്‍ സിപിഐ അവരുടെ അതൃപ്തി പരസ്യമായി രേഖപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് സീറ്റുകള്‍ വളരെയേറെ കുറയുമെന്ന് ഉറപ്പാണ്. 12 സീറ്റ് കിട്ടുമെന്നൊക്കെയാണ് പാര്‍ട്ടി പറയുന്നതെങ്കിലും പരമാവധി മൂന്ന് സീറ്റ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ആവര്‍ത്തിക്കുന്നത്. ഒരു സീറ്റ് പോലും കിട്ടില്ലെന്നും ബിജെപിയുടേയും സിപിഎമ്മിന്റെയും വോട്ടുവിഹിതം തമ്മില്‍ കേവലം രണ്ടു ശതമാനത്തിന്റെ വ്യത്യാസമേ ഉണ്ടാകുകയുള്ളുവെന്നാണ് ഒരു എക്സിറ്റ് പോളില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ സ്ഥിതി പരമ ദയനീയമാകും.
ഫലം വരുന്നതോടെ പാര്‍ട്ടിയില്‍ നിന്നു പോലും പിണറായിക്കെതിരെ ശബ്ദമുയരാം. ഭയപ്പെടുത്തിയും അച്ചടക്കത്തിന്റെ വാള് കാട്ടിയും നിലയ്ക്ക് നിര്‍ത്തിയിരിക്കുന്നവര്‍ തല ഉയര്‍ത്താം. നിയമസഭാ തെരഞ്ഞെടുപ്പിന് അധികകാലമില്ലാത്തതിനാല്‍ പിണറായി മാറണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയരാം. ഇല്ലെങ്കില്‍ പോലും പിണറായിയുടെ പാര്‍ട്ടിയിലെ പിടിപാട് അയയും.
പാര്‍ട്ടിയുടെ അവസ്ഥയും മോശമാകും. ബിജെപി മികച്ച രീതിയില്‍ വോട്ടു പിടിക്കുക കൂടി ചെയ്താല്‍ കാര്യങ്ങള്‍ പാര്‍ട്ടിക്ക് കൈവിട്ടു പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: