പേട്ട : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ വികസനവുമായിട്ട് ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ ചാക്കയിൽ പ്രവർത്തിക്കുന്ന ബ്രഹ്മോസിന് ഭീഷണിയാകുന്നു. സർക്കാർ രൂപരേഖയനുസ്സരിച്ച് ഭൂമി ഏറ്റെടുക്കൽ നടത്തിയാൽ ബ്രഹ്മോസ് എന്നന്നേക്കുമായി അടച്ചുപൂട്ടേണ്ട സ്ഥിതിവിശേഷമാണെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.
റൺവേ പാർക്കിംഗ് ബേയുടെ നിർമ്മാണത്തിനായി ഏഴര ഏക്കർ ഭൂമിയാണ് ചാക്ക മുതൽ ആൾസെയിൻസ് വരെയുള്ള ഭാഗത്തായി ഏറ്റെടുക്കുന്നത്. പുതിയ രൂപരേഖ പ്രകാരം ഫയർ ഫോഴ്സ് പൂർണ്ണമായും ഏറ്റെടുത്ത് ഐടിഐയുടെ വശത്തുകൂടി ബ്രഹ്മോസിന്റെ വലിയൊരു ഭാഗം ഏറ്റെടുത്ത് ആൾസെയിൻസുമായി ബന്ധപ്പെടുത്തിയാണ് ഏറ്റെടുക്കൽ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇത് ബ്രമോസിനെ വലിയ രീതിയിൽ ബാധിക്കാനാണ് സാധ്യത.
പതിനാറ് ഏക്കർ ഭൂമിയാണ് ബ്രഹ്മോസിനുള്ളത്. ഇതിൽ 5.3 ഏക്കർ ഭൂമിയാണ് സർക്കാർ പദ്ധതിയിൽ നഷ്ടപ്പെടാൻ സാധ്യത. നേരത്തേ ആൾസെയിൻസ് ചാക്ക റോഡ് അടച്ചു കൊണ്ട് ഐടിഐ, ഫയർഫോഴ്സ് ഏറ്റെടുക്കുകയെന്നതായിരുന്നു. ഫയർഫോഴ്സ് ചെങ്കൽച്ചൂളയിലേയ്ക്ക് മാറ്റുകയും ഐടിഐയ്ക്ക് മറ്റൊരിടം കൊടുക്കുമെന്ന വിവരമാണ് ബന്ധപ്പെട്ടവർ പുറത്ത് വിട്ടത്. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി അടയ്ക്കുന്ന റോഡ് ബ്രഹ്മാസിന്റെ പുറക് വശത്ത് കുടി ഐടിഐയ്ക്ക് സമീപത്തെ കോളനി ഭാഗത്ത് കൂടി കെ എസ് ഇ ബി ഭാഗത്ത് ചേരുന്ന വിധത്തിലായിരുന്നു ഇത് പൂർണ്ണമായും അട്ടിമറിച്ചാണ് പുതിയ രൂപരേഖ .
കോളനി പ്രദേശത്ത് കൂടി റോഡ് നിർമ്മിക്കണമെങ്കിൽ ഇവിടത്തെ നൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരും. നഷ്ടപരിഹാര തുകയുൾപ്പെടെ വലിയ രീതിയിൽ സാമ്പത്തിക ബാധ്യതയാണ് ഇക്കാര്യത്തിൽ സർക്കാരിനുണ്ടാവുക. അതുകൊണ്ടുതന്നെ സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാൻ കണ്ടെത്തിയ പദ്ധതിയായി മാറുകയാണ് പുതിയ രൂപരേഖ.ഐടിഐയും കോളനിയും നിലനിർത്തി ബ്രഹ്മോസിന്റെ ഭൂമി ഏറ്റെടുക്കുകയെന്നത്. എന്നാൽ ബ്രഹമോസിന് ഭൂമി നഷ്ടപ്പെടുന്നതിലൂടെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കും.
സർക്കാൻ ബ്രഹ്മോസിനുള്ളിൽ ഏറ്റെടുക്കാൻ നിശ്ചയിച്ചിട്ടുള്ള സ്ഥലത്താണ് മിസൈലിൽ ഘടിപ്പിക്കുന്ന ജിടിആർഇ ടർബൈനിന്റെ നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. ഡിആർഡിഒയ്ക്ക് വേണ്ടി ബ്രഹ്മോസാണ് ഈ ടർബൈൻ വികസിപ്പിച്ചെടുത്തത്. അതുകൊണ്ടുതന്നെ ഡിആർഡിഒയുടെ കരാറും ബ്രഹ്മോസിനാണ് നൽകിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിലൂടെ ജിടിആർഇ എൻജിൻ നിർമ്മാണ യൂണിറ്റ് പൂർണ്ണമായും നിലയ്ക്കും. ഇതോടെ ഡിആർഡിഒയുടെ കരാർ ഇല്ലാതാവുകയും ഇവിടെ തൊഴിലെടുക്കുന്ന ആയിരത്തോളം ജീവനക്കാർ വഴിയാധാരമാകുമെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു
. വിമാനത്താവള വികസനത്തിന് ഭൂമി വിട്ട് നൽകുന്നതിൽ ബ്രഹ്മോസിന് തടസ്സമില്ല. എന്നാൽ ഏറ്റെടുക്കുന്ന ഭൂമിക്ക് പകരം മറ്റൊരു സ്ഥലം സമീപത്ത് തന്നെ ബ്രഹ്മാസിന് ലഭിച്ചാൽ മാത്രമേ നിലനിൽപ്പുള്ളൂ. ഐടിഐ പ്രവർത്തിക്കുന്ന സ്ഥലം ഇക്കാര്യത്തിൽ ബ്രഹ്മോസ് മുന്നോട്ട് വെച്ചിട്ടുണ്ട്. ഇവിടം ലഭിച്ചാൽ ജിടിആർഇ യൂണിറ്റ് ഇവിടേയ്ക്ക് മാറ്റാനും പ്രതിസന്ധി തരണം ചെയ്യാനും കഴിയും. സർക്കാരിന് ഇതു സംബന്ധിച്ച വിവരം ബ്രഹ്മോസ് നൽകിയതായിട്ടാണ് വിവരം. എന്നാൽ സർക്കാർ തീരുമാനം ബ്രഹ്മോസിന് അനുകൂലമാകുമോയെന്നതാണ് ഉയരുന്ന ചോദ്യം. സർക്കാർ തീരുമാനം വിപരീതമായാൽ സംസ്ഥാന സർക്കാർ നശിപ്പിച്ച വ്യവസായ സ്ഥാപനങ്ങളുടെ പട്ടികയിൽ പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന ബ്രഹ്മോസും ഉൾപ്പെടുമെന്നുള്ളതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: