ഓസ് ലോ: ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാള്‍സനെയും രണ്ടാം നമ്പര്‍ താരം യുഎസിന്റെ ഫാബിയാനോ കരുവാനയെയും അട്ടിമറിച്ചതോടെ ഇന്ത്യയുടെ 18 കാരന് പ്രജ്ഞാനന്ദ ഫിഡെ (അന്താരാഷ്ട്ര ചെസ് ഫെഡറേഷന്) റാങ്കിംഗില്‍ ലോക പത്താം നമ്പര്‍ താരമായി. ഇന്ത്യയുടെ വിശ്വനാഥന് ആനന്ദ് ഇതോടെ ഫിഡെ റാങ്കിംഗില്‍ 11ാം സ്ഥാനത്തായി.
നേരത്തെ ലോക റാങ്കിംഗില്‍ 14ാം സ്ഥാനത്തായിരുന്നു പ്രജ്ഞാനന്ദ. രണ്ട് ലോക താരങ്ങളെ കഴിഞ്ഞ ദിവസം നോര്‍വ്വെ ചെസ്സില്‍ അട്ടിമറിച്ചതോടെ പ്രജ്ഞാനന്ദയുടെ റേറ്റിംഗില്‍ 7.7 പോയിന്റ് ഉയര്‍ന്നു. നേരത്തെ പ്രജ്ഞാനന്ദയുടെ റേറ്റിംഗ് 2748 പോയിന്റ് ആയിരുന്നു. ഇത് ഇപ്പോള്‍ 2754.7 പോയിന്റായി ഉയര്‍ന്നു. ഇതോടെ പ്രജ്ഞാനന്ദയുടെ റാങ്ക് 14ല്‍ നിന്നും 10 ആയി ഉയര്‍ന്നു.
ഇതോടെ നേരത്തെ പത്താം റാങ്കുകാരനായ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദ് 11ാം റാങ്കിലേക്ക് താഴ്ന്നു. ആനന്ദിന്റെ ഫിഡെ റേറ്റിംഗ് 2751 ആണ്. ഇന്ത്യയുടെ മറ്റൊരു കൗമാരതാരമായ, ഇപ്പോള്‍ ലോക ചെസ് ചാമ്പ്യനായ ചൈനയുടെ ഡിങ്ങ് ലിറനുമായി ഏറ്റുമുട്ടാന്‍ യോഗ്യത നേടിയ 17കാരന് ഡി.ഗുകേഷിന്റെ ലോകറാങ്ക് ഏഴില്‍ നിന്നും എട്ടായി താഴ്ന്നു. ഗുകേഷിന്റെ റേറ്റിംഗില്‍ മാറ്റമില്ല- 2763 തന്നെ.
നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദയോട് തോല്‍വി ഏറ്റുവാങ്ങിയ ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാന മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റേറ്റിംഗില്‍ ഫാബിയാനോ കരുവാനയ്ക്ക് 7.2 പോയിന്റ് നഷ്ടമായി. ഇപ്പോള്‍ ലോക മൂന്നാം റാങ്കുകാരനായി ഫാബിയാനോ കരുവാന. റേറ്റിംഗ് 2797. ഇപ്പോള്‍ ലോക ചെസ്സില്‍ 2800ന് മുകളില്‍ റേറ്റിംഗ് ഉള്ള രണ്ട് താരങ്ങളേയുള്ളൂ- നോര്‍വ്വെയുടെ മാഗ്നസ് കാള്‍സനും യുഎസിന്റെ ഹികാരു നകാമുറയും. കാള്സന് 2830.9 പോയിന്റോടെ ഒന്നാം റാങ്കുകാരനാണെങ്കില് നകാമുറ 2802 പോയിന്റോടെ രണ്ടാം റാങ്കുകാരനായി. നോര്‍വ്വെ ചെസ്സിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഹികാരു നകാമുറയുടെ റേറ്റിംഗ് 8.8 പോയിന്റ് ഉയര്‍ന്നു.
പക്ഷെ ഇന്ത്യയുടെ 22 കാരന് അര്ജുന് എരിഗെയ്സിയാണ് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന ലോകറാങ്കിംഗുള്ള ഇന്ത്യക്കാരന്. ലോക അഞ്ചാം റാങ്കുകാരനാണ് ഇപ്പോള്‍ അര്ജുന് എരിഗെയ്സി. ഇപ്പോള്‍ നടക്കുന്ന ഫ്രാന്‍സ് ടോപ് 16 ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ റൗണ്ടുകളില്‍ നേടിയ തകര്‍പ്പന്‍ വിജയത്തോടെ അര്ജുന് എരിഗെയ്സി റേറ്റിംഗില്‍ 8.9 പോയിന്റ് കൂടി സ്വന്തമാക്കി. അതോടെ ലോക എട്ടാം റാങ്കുകാരനായ എരിഗെയ്സി അഞ്ചാം റാങ്കിലേക്ക് ഉയരുകയായിരുന്നു. ഇപ്പോള്‍ ഏരിഗെയ്സിയുടെ റേറ്റിംഗ് 2769.9 ആണ്. ലോക നാലാം റാങ്കുകാരനായ റഷ്യയുടെ ഇയാന്‍ നെപോംനിഷിയേക്കാള് 0.1 പോയിന്റ് മാത്രം താഴെയാണ് അര്ജുന് എരിഗെയ്സി ഇപ്പോള്‍. തെലുങ്കാനയിലെ വാറംഗലില്‍ നിന്നുള്ള കളിക്കാരനാണ് 22 കാരനായ അര്ജുന് എരിഗെയ്സി.
ഇതോടെ ഇന്ത്യയിലെ കൗമാര-യുവതാരങ്ങള്‍ ലോകറേറ്റിംഗിലും റാങ്കിംഗിലും മുന്‍നിരയില്‍ നില്ക്കുന്നവരായി മാറിയിരിക്കുന്നു. 18കാരന് പ്രജ്ഞാനന്ദ 10ാം റാങ്കിലും 17കാരന് ഗുകേഷ് ലോക എട്ടാം നമ്പര്‍ താരവുമാണ്. 22കാരനായ അര്ജുന് എരിഗെയ്സി അഞ്ചാം റാങ്കുകാരനും 54കാരനായ വിശ്വനാഥന് ആനന്ദ് 11ാം റാങ്കുകാരനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: