തിരുവനന്തപുരം: സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. സ്വകാര്യ ബസുകളുമായി മത്സരയോട്ടം വേണ്ട. അമിത വേഗം പാടില്ലെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസി സാമൂഹ്യ മാധ്യമ പേജിലൂടെയാണ് മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍. എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ടെന്ന പേരിലിറക്കിയ വീഡിയോയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറയുന്നത്.
യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയില്‍ ബസ് ഓടിക്കരുതെന്നും ഇരുചക്രവാഹനയാത്രക്കാരുമായി മത്സരിക്കേണ്ടെന്നും ഗണേഷ് കുമാര്‍ ഡ്രൈവര്‍മാരോട് പറയുന്നു. സമയക്രമം പാലിക്കാന്‍ ശ്രദ്ധിക്കണം.
ബ്രീത്ത് അനലൈസര്‍ പരിശോധന തുടങ്ങിയതോടെ കെഎസ്ആര്‍ടിസിയിലെ അപകടങ്ങള്‍ കുറഞ്ഞു. അപകട നിരക്കും മരണ നിരക്കും കുറഞ്ഞു.ബസ് റോഡിന്റെ ഇടത് വശത്ത് തന്നെ നിര്‍ത്തണം.
ഡീസല്‍ ലാഭിക്കുന്ന തരത്തില്‍ ബസ് ഓടിക്കണം .എതിരെ വരുന്ന ബസുമായി സമാന്തരമായി നിര്‍ത്തരുത്. കൈകാണിച്ചാല്‍ ബസ് നിര്‍ത്തണമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. റോഡിന്റെ പരിമിതികള്‍ പരിഗണിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സ്കൂട്ടര്‍ യാത്രക്കാരെ കണക്കിലെടുത്തുമാകണം റോഡിലൂടെ ബസ് ഓടിക്കേണ്ടതെന്നും കെബി ഗണേഷ് കുമാര്‍ വീഡിയോയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: