കോട്ടയം: ക്ഷേത്രങ്ങളെ അവിശ്വാസികളായ ഭരണാധികാരികളില്‍ നിന്ന് മോചിപ്പിച്ച് ഹിന്ദുവിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്ന് ഓള് കേരള ഹിന്ദു ചേരമര്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എസ്. പ്രസാദ് ആവശ്യപ്പെട്ടു. ക്ഷേത്രസ്വത്തുവകകള് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡുകളുടെയും സ്വന്തമാക്കി ആചാരവിരുദ്ധവും, ഹൈന്ദവ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഹൈന്ദവ വിശ്വാസങ്ങളെയും ക്ഷേത്രങ്ങളെയും ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍.
ശബരിമല ദര്‍ശനത്തിന് ഫീസ് ഏര്‍പ്പെടുത്തുന്ന നടപടി അംഗീകരിക്കാനാവില്ല. മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളില്‍ അതാത് വിശ്വാസികളാണ് ഭരണനിര്‍വഹണം നടത്തുന്നത്. ഹിന്ദു ക്ഷേത്രങ്ങളില്‍ മാത്രം സര്‍ക്കാരും അവിശ്വാസികളും കടന്നുകയറി ഭരിക്കുന്നത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണ്. ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനത്തിനു ഫീസ് ഏര്‍പ്പെടുത്തുന്നത് ഹിന്ദുക്കളോടു കാണിക്കുന്ന അനീതിയാണ്.
ദേവസ്വം ബോര്‍ഡുകളുടെ മേല്‍നോട്ടത്തിലുള്ള ചില മഹാക്ഷേത്രങ്ങളുടെ ഭൂമി പൊതു പാര്‍ക്കിങ് സ്ഥലമാക്കി മാറ്റി ലേലം ചെയ്ത് സര്‍ക്കാരിന് വരുമാനം ഉണ്ടാക്കാന്‍ നടപടികളുമായി മുന്നോട്ടുപോകുന്നു. ക്ഷേത്രഭൂമിയില്‍ പെട്രോള്‍ പമ്പ് സ്ഥാപിച്ചു കച്ചവടക്കാര്‍ക്ക് നല്‍കാനുള്ള നീക്കത്തിലൂടെ ക്ഷേത്രസ്വത്ത് പൊതുസ്വത്ത് ആണെന്ന ആശയം നടപ്പിലാക്കുകയാണ്. അതു വിലപ്പോവില്ല. ഹൈന്ദവ സമൂഹം ഈ നീക്കത്തെ ശക്തമായി നേരിടും. സര്‍ക്കാരും ദേവസ്വം ബോര്‍ഡുകളും എടുത്തിട്ടുള്ള ഹൈന്ദവവിരുദ്ധ നിലപാടുകളില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: