കൊച്ചി: മൂന്നാറിലെ ഭൂമി കൈയേറ്റ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസില്‍ സര്‍ക്കാരിന് അലംഭാവമാണെന്നാണ് കോടതി വിമര്‍ശനമുന്നയിച്ചത്.
അലംഭാവം തുടരുകയാണെങ്കില്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കേണ്ടി വരുമെന്നും കോടതി വാക്കാല്‍ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് വിജിലന്‍സ് അന്വേഷണം ഫലപ്രദമല്ലെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മൂന്നാര്‍ ഭൂമി കേസുകള്‍ പരിഗണിക്കുന്ന ഡിവിഷന് ബെഞ്ചാണ് സര്‍ക്കാരിനെ വിമര്‍ശിച്ചത്.
ആവര്‍ത്തിച്ച് ഉത്തരവിട്ടിട്ടും മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നിശ്ചലമായതിനാല്‍ കടുത്ത ഭാഷയിലാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനെ വിമര്‍ശിച്ചത്. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് റിപ്പോര്‍ട്ട് നല്കാന് മോണിറ്ററിങ് കമ്മിറ്റിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.
അടുത്ത ചൊവ്വാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. മോണിറ്ററിങ് കമ്മിറ്റിക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് ഓണ്‍ലൈനായി ഹാജരായ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: