ആറന്മുള: അങ്കമാലിയിലെ ഗുണ്ടാവിരുന്നിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എഴുതിയ കത്ത് വൈറലാകുന്നു. പോലീസ് ഔദ്യോഗിക വാട്സ്ആപ്പ് ഗ്രുപ്പുകളില്‍ നിന്നാണ് കത്ത് ചോര്‍ന്ന് പ്രചരിക്കുന്നത്. സേനയില്‍ ഇനിയും ഒട്ടേറെ ഗുണ്ടാ പോലീസുകാര്‍ ഉണ്ടെന്ന് കത്തില്‍ പറയുന്നു. ഗുണ്ടകളുടെ അമേദ്യം അമൃതായി കരുതുന്ന അണ്ണന്മാര് ഇനിയുമുണ്ടെന്നാണ് കത്തിലെ പരിഹാസ പരാമര്‍ശം.
കഞ്ചാവ് കേസിലെ പ്രതിയ സംരക്ഷിച്ച മേലുദ്യോഗസ്ഥനെ പറ്റിയും കത്തില്‍ പറയുന്നു. ഈ മേലുദ്യോഗസ്ഥന് പോലീസ് ജീപ്പില്‍ പ്രതിയെ തെങ്കാശിയിലേക്ക് സുരക്ഷിതനായി എത്തിക്കാന്‍ ആവശ്യപ്പെട്ടെന്ന ഞെട്ടിക്കുന്ന പരാമര്‍ശവും കത്തിലുണ്ട്. ഗുണ്ടാനേതാക്കളുടെ ഇഷ്ടക്കാരായ പല മേലുദ്യോഗസ്ഥരെയും തനിക്കറിയാമെന്നും പോലീസിലെ ഉന്നതരായ ക്രിമിനലുകളുടെ ഊളത്തരങ്ങള്‍ തുറന്നു കാണിച്ചതിന് തനിക്കെതിരെ ഉണ്ടായ വകുപ്പുതല നടപടികളെയും ഈ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിമര്‍ശിക്കുന്നുമുണ്ട്.
മുമ്പും കത്തുകള്‍ മുഖ്യമന്ത്രിക്ക് അയച്ച് ഇദ്ദേഹം പോലീസ് വകുപ്പിലെ അനീതികള്‍ തുറന്നു കാട്ടിയിട്ടുണ്ട്. ഉദ്യോഗസ്ഥനെ പുറത്താക്കാനുള്ള നടപടിക്രമങ്ങള്‍ വകുപ്പില്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. കോഴിക്കോട് സ്വദേശിയായ ഈ പോലീസുകാരന് നിലവില്‍ ആറന്മുള സ്റ്റേഷനിലാണ് ജോലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: