ധാക്ക: ബംഗ്ലാദേശിന്റെയും മ്യാന്മറിന്റെയും ഭാഗങ്ങള്‍ ചേര്‍ത്ത് കിഴക്കന്‍ തിമോറിന് സമാനമായി ക്രിസ്ത്യന്‍ രാജ്യം സൃഷ്ടിക്കാനുള്ള ഗൂഢാലോചന നടന്നെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാജ്യത്തിന്റെ പേര് വെളിപ്പെടുത്താതെയായിരുന്നു ഹസീന ഇങ്ങനെ പറഞ്ഞത്.
ബംഗ്ലാദേശില്‍ വ്യോമതാവളം സ്ഥാപിക്കാന്‍ ഒരു വിദേശ രാജ്യത്തിന് അനുമതി നല്കിയാല് ജനുവരിയില്‍ തനിക്ക് വീണ്ടും അനായാസം തെരഞ്ഞെടുപ്പ് നടത്താമെന്ന് വാഗ്ദാനം ലഭിച്ചുവെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ബംഗാള്‍ ഉള്‍ക്കടല്‍ അടിസ്ഥാനമാക്കി ബംഗ്ലാദേശിന്റെയും മ്യാന്മറിന്റെയും ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്രിസ്ത്യന്‍ രാജ്യം രൂപീകരിക്കുമെന്നാണ് പറഞ്ഞതെന്നും ഷെയ്ഖ് ഹസീന ഒരു യോഗത്തില്‍ പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ സ്ഥിരത തകര്‍ക്കാനുള്ള ഏത് ശ്രമത്തെയും എതിര്‍ക്കുമെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു. വെള്ളക്കാരനാണ് വാഗ്ദാനം നല്‍കിയതെന്നും ഇത് ഒരു രാജ്യത്തെ മാത്രം ലക്ഷ്യം വച്ചുള്ളതല്ലെന്നും മറ്റെവിടെയും നടക്കാമെന്നും അവര്‍ പറഞ്ഞു. ബംഗ്ലാദേശില്‍ വ്യോമതാവളം നിര്‍മ്മിക്കാന്‍ പ്രത്യേക രാജ്യത്തെ അനുവദിച്ചാല്‍ തനിക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് അവര്‍ ആരോപിച്ചു.
രാജ്യത്തിന്റെ തെക്കേയറ്റത്തെ ചെറിയ ദ്വീപായ സെന്റ് മാര്‍ട്ടിന്‍സില്‍ അമേരിക്ക കണ്ണുവെച്ചിട്ടുണ്ടെന്നും നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ആരോപണം യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ നേരത്തെ നിരസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: