കോഴിക്കോട്: താമരശ്ശേരിയിലെ ജ്വല്ലറി മോഷണക്കേസിലെ പ്രതി പ്രായപൂര്‍ത്തിയല്ലാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസിലും പ്രതിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് പിടിയിലായി. താമരശ്ശേരി റന ഗോള്‍ഡ് എന്ന ജ്വല്ലറിയുടെ ചുമര് തുറന്ന് സ്വര്‍ണം മോഷ്ടിച്ച കേസിലെ പ്രതിയായ പൂനൂര് പാലന്തലക്കല്‍ നിസാറി(25) നെയാണ് താമരശ്ശേരി പൊലീസ് പോക്സോ കേസിലും അറസ്റ്റ് ചെയ്തത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം വാടകക്ക് താമസിച്ച് വരികയായിരുന്നു നിസാര്‍. 2022 നംവബറിലാണ് നിസാര്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് കുട്ടിയെ നിരന്തരം ദ്രോഹിക്കുകയും, ഫോണിലൂടെ ശല്യപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഏപ്രില്‍ 18ന് താമരശ്ശേരി കാരാടി ബസ് സ്റ്റാന്റില്‍ വച്ച് നിസാര്‍ പെണ്‍കുട്ടിയെ തടഞ്ഞു വയ്ക്കുകയും ആക്രമിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
നിസാറിന്റെ സഹോദരന് നവാഫാണ് താമരശ്ശേരി റന ഗോള്‍ഡ് ജ്വല്ലറി കവര്‍ച്ചാ കേസിലെ ഒന്നാം പ്രതി . നവാഫിനെയും മറ്റൊരു പോക്സോ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുന്ദമംഗലം സ്വദേശിനിയുടെ പരാതിയിലാണ് നവാഫിനെ അറസ്റ്റ് ചെയ്തത്. ഇവരുടെ മൂത്ത സഹോദരനായ റാഷിദും പോക്സോ കേസില്‍ പ്രതിയാണ്. താമരശ്ശേരി ഡിവൈ.എസ്.പി എം.വി വിനോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഈ കേസുകളെല്ലാം അന്വേഷിച്ച് പ്രതികളെ പിടിച്ചത്.
നിസാര്‍, നവാഫ്, റാഷിദ് എന്നിവരുടെ പിതാവും ഒരു കുറ്റവാളിയാണ്. നേരത്തെ മോഷണക്കേസില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: