പന്ത്രണ്ടാമത് ചെസ്സ് ബോക്സിങ് നാഷണല്‍സ് കേരളത്തില്‍ ജൂണ്‍ ഏഴു മുതല്‍ ഒന്‍പതു വരെ നടക്കുമ്പോള്‍ ഭാരതത്തിലും വിദേശരാജ്യങ്ങളിലും വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ കായിക ഇനത്തെക്കുറിച്ചു കൂടുതല്‍ അറിയുന്നത് കൗതുകകരമായിരിക്കും. ഒരു കോമിക് പുസ്തകത്തില്‍ നിന്ന് ഒരു ഗെയിം ആശയം ഉണ്ടാകുക. അത് ലോകം എമ്പാടും പ്രചാരം നേടുക. ഒറ്റ നോട്ടത്തില്‍ അവിശ്വസനീയം എന്നു തോന്നുമെങ്കിലും ചെസ്സ് ബോക്സിങ് എന്ന ഹൈബ്രിഡ് കായിക ഇനത്തിന്റെ തുടക്കം അങ്ങനെ ആണ്. 1992ല്‍ ഒരു ഫ്രഞ്ച് കോമിക് പുസ്തകത്തിലാണ് ഈ ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. അതിനു മുന്‍പ് 1979ല്‍ ഒരു ചൈനീസ് ചിത്രത്തില്‍ സമാനമായ ആശയം അവതരിപ്പിച്ചിരുന്നു. എങ്കിലും അത് ജനശ്രദ്ധ ആകര്‍ഷിക്കുന്നത് മുകളില്‍ പറഞ്ഞ കോമിക് പുസ്തകത്തില്‍നിന്നാണ്.
ഈ കോമിക് പുസ്തകവും അതിലെ ആശയത്തിന് ലഭിച്ച പ്രാദേശികമായ ജനപ്രീതിയും ഇപ്പെ റൂബിങ് എന്ന ഡച്ച് പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റ് ശ്രദ്ധിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ പഠിച്ച് ഈ ആശയത്തെ അധികരിച്ചു ചെസ്സ് ബോക്സിങ് എന്ന ഹൈബ്രിഡ് കായിക ഇനത്തിനും അതിലെ നിയമങ്ങള്‍ക്കും രൂപം നല്കി. 2020 ല്‍ അന്തരിച്ച ഇപ്പെ റൂബിങ് ആണ് ചെസ്സ് ബോക്സിങിന്റെ ഉപജ്ഞാതാവ് എന്നാണ് അറിയപ്പെടുന്നത് എന്താണ് ചെസ്സ് ബോക്സിങ് എന്ന് പറയുന്നതിന് മുന്‍പ് ഒരു ഹൈബ്രിഡ് ഗെയിം എന്താണ് എന്നു നോക്കാം. രണ്ടു കായിക ഇനങ്ങള്‍ സമന്വയിപ്പിച്ചുള്ള ഒരു കായിക ഇനത്തെ ഹൈബ്രിഡ് ഗെയിം എന്ന് വിളിക്കാം. പെട്ടെന്ന് ഓര്‍മ്മ വരുന്ന ഈ വിഭാഗത്തില്‍പ്പെടുന്ന ഒരു ഗെയിം വാട്ടര്‍ പോളോയാണ്. നീന്തല്‍, ഹാന്‍ഡ് ബാള്‍ എന്നീ കായിക ഇനങ്ങളില്‍ ഉള്ള വൈദഗ്ധ്യം വാട്ടര്‍ പോളോ എന്ന കായിക ഇനത്തിന് ആവശ്യമാണല്ലോ.
ശാന്തമായി, തികഞ്ഞ ഏകാഗ്രതയോടെ കളിക്കേണ്ട ചെസ്സും വേഗതയുടെയും കരുത്തിന്റെയും സ്പോര്‍ട്സ് ആയ ബോക്സിങ്ങും സമന്വയിപ്പിച്ചുള്ള ചെസ്സ് ബോക്സിങ്, ഹൈബ്രിഡ് സ്പോര്‍ട്സ് ഇനങ്ങളിലെ വ്യത്യസ്തമായ ഒന്നാണ്. മൂന്ന് മിനിറ്റ് വീതമുള്ള മൂന്ന് റൗണ്ട് ചെസ്സ് മത്സരങ്ങളും രണ്ടു റൗണ്ട് ബോക്സിങ് മത്സരങ്ങളും ചേര്‍ന്നതാണ് ഒരു റൗണ്ട് (അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇത് 11 റൗണ്ട് ആകും.) ചെസ്സും ബോക്സിങ്ങും ഇടകലര്‍ന്ന് നടക്കുന്ന റൗണ്ടുകള്‍ക്കിടയില്‍ ഒരാള്‍ ചെക്ക്മേറ്റ് ആകുകയോ റിങ്ങില്‍ നോക്ക് ഔട്ട് ആകുകയോ ചെയ്യുമ്പോള്‍ മത്സരം അവസാനിക്കുന്നു. ഒരുപോലെ ബുദ്ധിയും ശക്തിയും അഥവാ ഏകാഗ്രതയും വേഗതയും ആവശ്യമായ കായിക ഇനമാണ് ഇത്. തമിഴ്നാട്, ബംഗാള്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ത്രിപുര പോലുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമായ ഈ കായിക ഇനം അന്താരാഷ്ട്ര തലത്തില്‍ ജര്‍മ്മനി, ഇറ്റലി , സ്പെയിന്, ടര്‍ക്കി, അമേരിക്ക, റഷ്യ, ഇറാന് തുടങ്ങിയ രാജ്യങ്ങളില്‍ പ്രചാരം നേടിയിട്ടുണ്ട്.
കിക്ക് ബോക്സിങ് പോലെയുള്ള ഇനങ്ങളില്‍ കാണപ്പെടുന്നത് പോലെ ഈ രണ്ടു കായിക ഇനങ്ങളിലെയും അടിസ്ഥാന തത്ത്വങ്ങളില്‍ ഒരു മാറ്റവും ചെസ്സ് ബോക്സിങ്ങില്‍ വരുത്തുന്നില്ല. രണ്ടു കായിക ഇനങ്ങളും അതതിന്റെ പൂര്‍ണ്ണ അര്‍ഥത്തില്‍ ഉള്ള തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് സമന്വയിക്കപ്പെടുന്നത്.
ക്രിക്കറ്റില്‍ ടെസ്റ്റ് മത്സരങ്ങള്‍, വണ്‍ഡേ മത്സരങ്ങള്‍, 20-20 തുടങ്ങിയ വകഭേദങ്ങള്‍ ഉള്ളതുപോലെ ഈ കായിക ഇനത്തിലും ചെസ്സ് ബോക്സിങ് ഫിറ്റ്, ചെസ്സ്ബോക്സിങ് ലൈറ്റ്, ചെസ്സ് ബോക്സിങ് മെയിന്‍ എന്നീ വകഭേദങ്ങള്‍ ഉള്ളതായി കാണാം. ഈ വിഭജനം പ്രാഥമികമായി കൂടുതല്‍ ചെസ്സ് കളിക്കാരെ ഈ കായിക ഇനത്തിലേക്കു ആകര്‍ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇതെങ്ങനെ സാധിക്കുന്നു എന്നു നോക്കാം. ചെസ്സ് ബോക്സിങ് ഫിറ്റില്‍ ചെസ്സ് റൗണ്ടിനു ശേഷമുള്ള ബോക്സിങ് റൗണ്ടില്‍ നേരിട്ടുള്ള ബോക്സിങ്ങിനു പകരം ഓരോ കളിക്കാരും അടുത്ത മൂന്ന് മിനിറ്റ് ബോക്സിങ് ബാഗില്‍ പഞ്ച് ചെയ്യുന്നു. ചെസ്സ് ബോക്സിങ് ലൈറ്റില്‍ ആകട്ടെ ബാഗില്‍ പഞ്ച് ചെയ്യുന്നതിനു പകരം Touch Sparing എന്ന, ശക്തിയേക്കാളും വേഗത്തിനും കൃത്യതക്കും പ്രാധാന്യം കൊടുക്കുന്ന, രീതിയാണ് അവലംബിക്കുന്നത്. ഈ രണ്ടു വിഭാഗത്തിലും, എതിരാളിയെ നോക്ക് ഔട്ട് ആക്കുന്നതിനു പകരം പഞ്ചുകളുടെ കൃത്യതക്കും പൂര്‍ണതയ്ക്കും ആണ് പ്രാധാന്യം കൊടുക്കുന്നത്.
ഈ രണ്ടു വിഭാഗങ്ങളിലും നിര്‍ദിഷ്ട ചെസ്സ് റൗണ്ടുകളില്‍ എതിരാളിയെ ചെക്ക് മേറ്റ് ആകാന്‍ സാധിച്ചില്ല എങ്കില്‍ ബോക്സിങ് റൗണ്ടുകളിലെ പ്രകടനം വിലയിരുത്തപ്പെടുന്നു. എന്നാല്‍ പൂര്‍ണമായുള്ള ചെസ്സും പൂര്‍ണമായുള്ള ബോക്സിങ്ങും ഉള്‍ക്കൊള്ളുന്ന ചെസ്സ് ബോക്സിങ് മെയിന്‍ എന്ന ഇനത്തിലാണ് ഈ കായിക ഇനത്തിന്റെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാന്‍ കഴിയുന്നത്. ചെസ്സ് ബോക്സിങ് മെയിന്‍ എന്ന ഇനത്തിലേക്കുള്ള യാത്രയാണ് മറ്റു രണ്ടു ഇനങ്ങളും. ഈ കായിക ഇനം ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച ഷിഹാന്‍ മോണ്ടു ദാസ് ആണ്, ചെസ്സ് ബോക്സിങ് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യയുടെ സ്ഥാപകനും ആദ്യ പ്രസിഡന്റും.
…………………………………………………………………
ചെസ് ബോക്സിങ് -ചുരുങ്ങിയ കാലത്തിനുള്ളില്‍ ഈ കളിയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് 2024 ലെ നാഷണല്‍സിനു വേദി ആകാനുള്ള അവസരത്തെ കാണുന്നതെന്ന് കേരള ചെസ്സ് ബോക്സിങ് അസോസിയേഷന് പ്രസിഡണ്ട് ശന്തനു പറയുന്നു. കേരളത്തില്‍ നിന്നുള്ള മനോജ് മാധവന്, അരുന്ധതി ആര്. നായര്‍, സായി ദുര്‍ഗാ നന്ദിനി തുടങ്ങിയ കായിക താരങ്ങള്‍ ദേശീയ അന്തര്‍ദേശീയ നേട്ടങ്ങള്‍ വഴി ഇതിനകം ഭാരതത്തിന്റെ മാത്രമല്ല ലോക ചെസ്സ് ബോക്സിങ് ലോകത്തിന്റെ തന്നെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: