തിരുവനന്തപുരം: മായമ്മ സിനിമയില്‍ വിജി തമ്പിയെ അഭിനയിപ്പിച്ചതിനും സിനിമയിലെ അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ നിറത്തിനുമെതിരെ സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് സംവിധായകന് രമേശ്കുമാര്‍.
വിജി തമ്പിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ ഉള്‍പ്പെടെ അധിക്ഷേപിച്ചുകൊണ്ടാണ് വിമര്‍ശനം. സാമുദായികമായുള്ള കടുത്ത വര്‍ഗീയ സൈബര്‍ ആക്രമണത്തിനെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായും രമേശ്കുമാര്‍ പറഞ്ഞു. കേസരി മീഡിയ ഹാളില്‍ മായമ്മ സിനിമയുടെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാവോറ് പാട്ടിന്റെയും പുള്ളുവന്‍ പാട്ടിന്റെയും അഷ്ടനാഗക്കളം മായ്ക്കലിന്റെയും പശ്ചാത്തലത്തില്‍ പുള്ളുവ പെണ്‍കുട്ടിയും നമ്പൂതിരി യുവാവും തമ്മിലുള്ള പ്രണയത്തിന്റെയും തുടര്‍ന്ന് പുള്ളുവ പെണ്‍കുട്ടി നേരിടേണ്ടിവരുന്ന ദുരന്തങ്ങളുടെയും സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി നടത്തുന്ന പോരാട്ടത്തിന്റെയും കഥപറയുന്ന മായമ്മയില്‍ മായമ്മയായി അങ്കിത വിനോദും നമ്പൂതിരി യുവാവായി അരുണ്‍ ഉണ്ണിയും വേഷമിടുന്നു. വിജിതമ്പി, ചേര്‍ത്തല ജയന്, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണന്, ബിജുകലാവേദി, പി.ജെ. രാധാകൃഷ്ണന്, ജീവന് ചാക്ക, സുമേഷ് ശര്‍മ്മ, ബാബു നമ്പൂതിരി തുടങ്ങിയവര്‍ കഥാപാത്രങ്ങളായി വേഷമിടുന്നു.
പുണര്‍തം ആര്‍ട്സ് ഡിജിറ്റലിന്റെയും യോഗീശ്വര ഫിലിംസിന്റെയും ബാനറില്‍ രമേശ്കുമാര്‍ കോറമംഗലം രചനയും സംവിധാനവും നിര്‍വഹിച്ച മായമ്മയുടെ നിര്‍മാണം ദിപ. എന്‍.സി.പി. സംഗീതം രാജേഷ് വിജയ്, ആലാപനം അഖില ആനന്ദ്, രാജേഷ് വിജയ്, ലക്ഷ്മി ജയന്, പ്രമീള, പ്രിയ രാജേഷ്. ജൂണ്‍ 7ന് മായമ്മ തിയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: