കോബെ(ജപ്പാന്): ലോക പാരാഅത്ലറ്റിക്സ് 2024ല്‍ ഭാരതത്തിന്റെ ഏറ്റവും വലിയ മെഡല്‍ കൊയ്ത്. ഇന്നലവരെ ഇത്തവണ 12 മെഡലുകളാണ് നേടിയത്. ഇതില്‍ അഞ്ച് സ്വര്‍ണം ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം പാരിസില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ നേടിയ പത്ത് മെഡലുകള്‍ എന്ന നേട്ടമാണ് ഭാരതം മറികടന്നത്.
മീറ്റ് തീരാന്‍ ഇനി മൂന്ന് ദിവസം കൂടി ബാക്കിയുള്ളപ്പോഴാണ് ഭാരതം റിക്കാര്‍ഡ് മെഡല്‍ നേട്ടം കുറിച്ചിരിക്കുന്നത്. ഇനിയുള്ള ഇനങ്ങളില്‍ രണ്ടെണ്ണത്തില്‍ സ്വര്‍ണ പ്രതീക്ഷയുണ്ടെന്ന് ഭാരതത്തിന്റെ മുഖ്യ പരിശീലകന് സത്യനാരായണ്‍ പറഞ്ഞു. ആകെ മെഡല്‍ നേട്ടം 17 ആയി ഉര്ന്നേക്കാമെന്നും സത്യനാരായണന് പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ തവണത്തെ പാരിസ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവും അടക്കം പത്ത് മെഡലുകള്‍ നേടിയതാണ് ഭാരതം ഇന്നലെ മറികടന്നത്.
ഷോട്ട്പുട്ടില്‍ ഏഷ്യന്‍ റിക്കാര്‍ഡ് തിരുത്തിക്കൊണ്ട് ഭാരത താരം സച്ചിന് ഖിലാരി സ്വര്‍ണം നിലനിര്‍ത്തിയതാണ് ചാമ്പ്യന്‍ഷിപ്പിലെ ഇന്നലത്തെ ഹൈലൈറ്റ്. പുരുഷ ഷോട്ട്പുട്ട് എഫ്46 വിഭാഗത്തിലാണ് സച്ചിന് ഖിലാരി സ്വര്‍ണം നേടിയത്. ഉരുക്ക് പന്ത് 16.30 മീറ്റര്‍ ദൂരത്തില്‍ എറിഞ്ഞെത്തിച്ചുകൊണ്ടാണ് സച്ചിന് ഖിലാരി ഏഷ്യന്‍ റിക്കാര്‍ഡും സ്വര്‍ണവും ഉറപ്പിച്ചത്. ഇതേ മീറ്റിന്റെ കഴിഞ്ഞ വര്‍ഷത്തെ പതിപ്പില്‍ 16.21 മീറ്റര്‍ ദൂരത്തില്‍ ഷോട്ട്പുട്ട് എത്തിച്ച് നേടിയ റിക്കാര്‍ഡ് ആണ് ഇന്നലത്തെ പ്രകടനത്തോടെ പഴയതായ് മാറിയത്.
പുരുഷന്മാരുടെ ക്ലബ് ത്രോ എഫ്51 ഫൈനലില്‍ ഭാരതത്തിന്റെ ധരംബീര്‍ വെങ്കലം നേടി. 33.61 മീറ്റര്‍ എറിഞ്ഞാണ് താരത്തിന്റെ മെഡല്‍ നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: