ബെംഗളൂരു: കര്‍ണാടകയില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഒളിവില്‍ പോയി. മഹിളാ കോണ്‍ഗ്രസ് മൈസൂരു സിറ്റി ജനറല്‍ സെക്രട്ടറിയും കൃഷ്ണരാജ ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷയുമായ ശ്രീരാംപുര സ്വദേശി വിദ്യശ്രീയെയാണ് (35) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നന്ദിഷിന്റെ ടി. നരസിപുര തുരഗനൂരിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
നന്ദിഷാണ് കൊല നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തുടര്‍ന്ന് നന്ദിഷ് രക്ഷപ്പെട്ടു. ഇയാളെ പിടികൂടാന്‍ ബന്നൂര്‍ പോലീസ് തിരച്ചില്‍ ശക്തമാക്കി. കുടുംബകലഹമാണ് കാരണമെന്നാണ് പോലീസിന്റെ സംശയം. നന്ദിഷും വിദ്യയും തമ്മില്‍ വഴക്കുണ്ടാകുന്നത് പതിവായിരുന്നു. തിങ്കളാഴ്ച രാത്രി വൈകിയാണ് വിദ്യ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. ഇതിനിടെ നന്ദിഷ് വിദ്യയെ ചുറ്റികയെടുത്ത് അടിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
മൃതദേഹം കെ.ആര്. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോലീസ് സൂപ്രണ്ട് സീമാ ലട്കര്‍, അസി. പോലീസ് സൂപ്രണ്ട് നന്ദിനി എന്നിവര്‍ വീട്ടിലെത്തി പരിശോധന നടത്തി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന വിദ്യ ബജരംഗി, വജ്രകായ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംഭവത്തില്‍ ബാന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ദമ്പതിമാര്‍ക്ക് രണ്ടു പെണ്‍കുട്ടികളുണ്ട്. ഒരു കുട്ടിക്ക് ഒമ്പതുമാസം പ്രായമായതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: