ന്യൂദല്‍ഹി: പഞ്ചാബില്‍ ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. ആം ആദ്മി പാര്‍ട്ടി നേതാവും ജലന്ധര്‍ കാന്റ് മുന്‍ എംഎല്‍എയുമായ ജഗ്ബീര്‍ സിങ് ബ്രാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇന്നലെ ബിജെപി ദേശീയ ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ചുഗ് അംഗത്വം കൈമാറി. മുതിര്‍ന്ന നേതാവ് കെ.ഡി. ഭണ്ഡാരി, ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന-ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ജഗ്ബീര്‍ സിങ് ബ്രാര്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ചുഗ് പറഞ്ഞു. കോണ്‍ഗ്രസിലും ആം ആദ്മി പാര്‍ട്ടിയിലും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വരവ് ബിജെപിക്ക് ശക്തിപകരും. ആപ്പ് നേതാക്കളുടെ പ്രവര്‍ത്തികള്‍ ദേശസ്നേഹികളായ പാര്ട്ടിപ്രവൃര്ത്തകരില് അതൃപ്തി ഉണ്ടാക്കുന്നതായും അതുകൊണ്ടാണ് അവര്‍ പാര്‍ട്ടിവിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങള്‍ പഞ്ചാബിന് ഗുണം ചെയ്യുന്നൂവെന്ന് ജഗ്ബീര്‍ സിങ് ബ്രാര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന് ഒരു ഇരട്ട എഞ്ചിന് സര്‍ക്കാരിന്റെ ആവശ്യമുണ്ട്. നിലവിലെ ഭരണം ഫലപ്രദമല്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശിരോമണി അകാലിദള്‍ അംഗമായിരിക്കെ 2007ലാണ് ജഗ്ബീര്‍ സിങ് ബ്രാര്‍ നിയമസഭയിലെത്തുന്നത്. 2019ല്‍ പഞ്ചാബ് വാട്ടര്‍ റിസോഴ്സസ് മാനേജ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് കോര്പറേഷന് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: