കാസര്‍കോട്: വര്‍ഷങ്ങളായി കെട്ടിട നമ്പറിനു വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങിയ വയോധികന് അതനുവദിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. ഇളമ്പിച്ചിയിലെ ബാലന്റെ കെട്ടിടത്തിനാണ് ഉടന്‍ നമ്പര്‍ അനുവദിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തു സെക്രട്ടറിക്ക് കമ്മിഷന് നിര്‍ദേശം നല്‍കിയത്.
2019 ല്‍ കെട്ടിടം പണി പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തിനു റെയില്‍വേ തടസവാദമുന്നയിച്ചതാണ് നമ്പര്‍ അനുവദിക്കാതിരിക്കാന്‍ കാരണമെന്നാണ് പഞ്ചായത്ത് കമ്മിഷന് മുമ്പാകെ വ്യക്തമാക്കിയത്. എന്നാല്‍ റെയില്‍വേ അതിരില്‍ നിന്ന് നിശ്ചിത അകലം വിട്ടാണ് ബാലന്റെ കെട്ടിടമെന്ന് പഞ്ചായത്തും വില്ലേജ് അധികൃതരും തുടക്കത്തില്‍ തന്നെ പരിശോധന നടത്തി ബോധ്യപ്പെട്ടിരുന്നതാണ്. എന്നിട്ടും ഈ വയോധികന്റെ കെട്ടിടത്തിന് നമ്പര്‍ അനുവദിക്കാത്ത പഞ്ചായത്തിന്റെ അവഗണന പലതവണ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകനായ പാലക്കാട് കഞ്ചിക്കോട് സ്വദേശി മനോഹര്‍ ഇരിങ്ങല്‍ മനുഷ്യാവകാശ കമ്മിഷനില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് കമ്മിഷന്റെ ഉത്തരവ്.
പലതവണ മുഖ്യമന്ത്രിക്കും പഞ്ചായത്ത് ഡയറക്ടറേറ്റിലും വകുപ്പു മന്ത്രിക്കും ഒടുവില്‍ നവകേരള സദസിലും വരെ പരാതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെയും നടപടി എങ്ങുമെത്തിയില്ലെന്നും റഫറന്‍സ് നമ്പര്‍ അല്ലാതെ മറ്റൊരു വിവരവും കിട്ടിയില്ലെന്നും ഇവരുടെ കുടുംബം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: