ന്യൂദല്‍ഹി: തന്റെ കുടുംബാംഗങ്ങളുടെ ജീവന് അപകടത്തിലാക്കാന്‍ ആപ്പ് മന്ത്രിമാരും നേതാക്കളും ശ്രമിക്കുന്നതായി രാജ്യസഭാംഗം സ്വാതി മാലിവാള്‍. കുടുംബാംഗങ്ങളുടെ വാഹനങ്ങളുടെ വിവരങ്ങള്‍ അടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചും സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ ലക്ഷ്യമിട്ട് നീചമായ ആക്രമണം നടത്തിയും ആപ്പ് നേതൃത്വം പ്രതികാരം ചെയ്യുന്നു. ഓരോ പ്രവര്‍ത്തകനേയും വിളിച്ച് സ്വാതിയുടെ സ്വകാര്യ ദൃശ്യങ്ങളുണ്ടോയെന്ന് നേതാക്കള്‍ നിരന്തരം ചോദിച്ച് അപമാനിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മര്‍ദ്ദിച്ച വിവരം പുറത്തുപറഞ്ഞതിനാണ് ഇത്തരത്തില്‍ ആപ്പ് നേതൃത്വം തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും സ്വാതി പറഞ്ഞു.
തനിക്കെതിരായ അഴിമതിക്കേസില്‍ അറസ്റ്റ് ഭയന്ന് ബിജെപിയുടെ ആജ്ഞയ്ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം സ്വാതി തള്ളിക്കളഞ്ഞു. അഴിമതിക്കേസില്‍ എഫ്ഐആറിട്ടെന്നും അതിനാലാണ് ബിജെപി പറയുന്നതനുസരിച്ച് താന്‍ പ്രവര്‍ത്തിക്കുന്നതെന്നുമുള്ള പ്രചാരണം പച്ചക്കള്ളമാണ്. 2016ല്‍ ദല്‍ഹി വനിതാ കമ്മിഷന് അധ്യക്ഷയായി നിയമിക്കപ്പെട്ട കാലത്തെടുത്ത കേസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കോടതി സ്റ്റേ ചെയ്തിരുന്നതായും സ്വാതി പറഞ്ഞു. സ്ത്രീയായ തന്നെ മര്‍ദ്ദിച്ച പ്രതിയെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന ആപ്പ് നേതൃത്വത്തെ സ്വാതി മാലിവാള്‍ പരിഹസിച്ചു.
അതിനിടെ സ്വാതിയെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ കേജ്രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി വൈഭവ് കുമാറിനെ ദല്‍ഹി പോലീസ് മുംബൈയിലെത്തിച്ച് തെളിവെടുത്തു. ഇയാള്‍ മുംബൈയില്‍ വെച്ച് ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. വൈഭവിന്റെ കൈയില്‍ നിന്ന് പിടികൂടിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചിട്ടുണ്ട്. സംഭവ സമയം മുഖ്യമന്ത്രിയുടെ വസതിയിലുണ്ടായിരുന്ന സ്റ്റാഫംഗങ്ങളെ പോലീസ് ഇന്നലെ ചോദ്യം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: