ഇരിട്ടി: ഇരുപത്തി എട്ട് നാളത്തെ കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ അക്കരെ കൊട്ടിയൂരില്‍ നടക്കുന്ന ആദ്യത്തെ പരമ പ്രധാന ചടങ്ങായ നെയ്യാട്ടം നാളെ. അര്‍ധരാത്രിയോടെ നടക്കുന്ന ചടങ്ങിന് മുന്നോടിയായി മഠങ്ങളില്‍ കഠിനവ്രതം അനുഷ്ഠിക്കുന്ന നെയ്യമൃത് സംഘങ്ങള്‍ ഇതിനായുള്ള അവസാന ഒരുക്കങ്ങള്‍ തുടങ്ങി.
നെയ്ക്കിണ്ടികള്‍ ഒരുക്കുന്ന തിരക്കിലാണ് മഠങ്ങളില്‍ കഴിയുന്നവര്‍. തികച്ചും പരിതസ്ഥിതി സൗഹൃദമാണ് ഉത്സവത്തിന്റെ എല്ലാ ചടങ്ങുകളും. അതിനാല്‍ത്തന്നെ നെയ്ക്കിണ്ടികള്‍ ഒരുക്കുന്നതും പ്രകൃതി ദത്തമായി കിട്ടുന്ന എറോപ്പ കൈത, ചടച്ചില്‍ മരത്തിന്റെ തൊലി തുടങ്ങിയവയില്‍ നിന്നുണ്ടാക്കുന്ന നാരുകള്‍ ഉപയോഗിച്ചാണ്.
ഇവയുടെ നാരുകള്‍ പിരിച്ചെടുത്തുണ്ടാക്കുന്ന കയര്‍ ഉപയോഗിച്ച് നെയ് പാത്രങ്ങള്‍ കെട്ടിയൊരുക്കുന്നു. ഇതില്‍ നെയ്നിറച്ച് കമുകിന് പാളകള്‍ കൊണ്ട് വായ്പൊതി കെട്ടിയാണ് ഇവ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കുക. ഇതിന്റെ പ്രവൃത്തിയാണ് മഠങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്നത്.
എന്നാല്‍ ഏറെ ദൂരെയുള്ള ചില മഠങ്ങളില്‍ നിന്ന് നെയ് അമൃത് സംഘങ്ങള്‍ ഞായറാഴ്ച മുതലേ പുറപ്പെട്ടു കഴിഞ്ഞു. ഇവര്‍ വഴിയിലെ വിവിധ മഠങ്ങളില്‍ തങ്ങിയ ശേഷം തിങ്കളാഴ്ച രാത്രിയോടെ മണത്തണ ചപ്പാരം ക്ഷേത്രത്തില്‍ എത്തിച്ചേരും.
എല്ലാ മഠങ്ങളില്‍ നിന്നുമുള്ള സംഘങ്ങളും ചപ്പാരം ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന ശേഷം ചൊവ്വാഴ്ച രാവിലെ സ്ഥാനികരായ വില്ലിപ്പാലന്‍ കുറുപ്പിന്റേയും തെമ്മേങ്ങാടന് നമ്പ്യാരുടെയും നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം കൊട്ടിയൂരിലേക്ക് പുറപ്പെടും. ചൊവ്വാഴ്ച വൈകുന്നേരമാണ് വയനാട്ടിലെ മുതിരേരിയില്‍ നിന്നുമുള്ള പരാശക്തിയുടെ വാള് എഴുന്നള്ളിച്ച് ഇക്കരെ കൊട്ടിയൂരില്‍ എത്തിക്കുക. ഈ വാളിനൊപ്പം ക്ഷേത്രം സ്ഥാനികരും നെയ്യമൃത് സംഘങ്ങളും അക്കരെ കൊട്ടിയൂരില്‍ പ്രവേശിക്കും.
21ന് അര്‍ധരാത്രിയോടെയാണ് മണിത്തറയിലെ സ്വയംഭൂവില്‍ നെയ്യാട്ടം നടക്കുക. 22ന് രാത്രി മണത്തണ കരിമ്പനക്കല്‍ ഗോപുരത്തില്‍ നിന്ന് പുറപ്പെടുന്ന ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന ശേഷം 23 മുതല്‍ മാത്രമാണ് അക്കരെ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: