പുരുളിയ (ബംഗാള്‍): സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന ഹിന്ദു സംന്യാസി സംഘടനയായ രാമകൃഷ്ണ മിഷനെതിരേ ആരോപണമുന്നയിച്ച് ബംഗാള്‍ മുഖ്യമന്തി മമതാ ബാനര്‍ജി. വോട്ടുബാങ്കിനെ പ്രീതിപ്പെടുത്താന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനോട് പ്രതികരിച്ചു.
രാമകൃഷ്ണ മിഷനും ഭാരത് സേവാശ്രം സംഘവും ബംഗാള്‍ സര്‍ക്കാരിനെതിരേ പ്രവര്‍ത്തിച്ച് ബിജെപിക്ക് രാഷ്ട്രീയ സഹായം ചെയ്തുവെന്നായിരുന്നു മമതയുടെ ആരോപണം. 127 വര്‍ഷമായി രാജ്യത്തെമ്പാടും സേവന സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രസ്ഥാനമാണ് രാമകൃഷ്ണ മിഷന്, 107 വര്‍ഷമായി ഭാരത് സേവാശ്രം സംഘം (ബിഎസ്എസ്) പ്രവര്‍ത്തിക്കുന്നു.
ഹൂഗ്ലിയിലെ ജയ്റാംബതിയിലാണ് മമത വിവാദ പ്രസ്താവന നടത്തിയത്. രാമകൃഷ്ണ മിഷനും ബിഎസ്എസ്സും ടിഎംസിക്കെതിരേ പരസ്യമായി പ്രവര്‍ത്തിച്ച് ബിജെപിയെ സഹായിക്കുന്നുവെന്ന് മമത പറഞ്ഞു. ഇടതുപക്ഷത്തിന്റെ ആക്രമണ കാലത്ത് അതിനെ ചെറുക്കാന്‍ മിഷന് ഒട്ടേറെ സഹായങ്ങള്‍ ജനങ്ങള്‍ക്ക് ചെയ്തിട്ടുണ്ട്, എന്ന് സമ്മതിച്ചുകൊണ്ടായിരുന്നു ആരോപണം.
ബിഎസ്എസ്സിന്റെ മുതിര്‍ന്ന സംന്യാസി കാര്‍ത്തിക് മഹാരാജ് എന്നറിയപ്പെടുന്ന സ്വാമി പ്രതിപദാനന്ദയെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു കുറ്റപ്പെടുത്തല്‍. രാമകൃഷ്ണാശ്രമവും ബിഎസ്എസും ‘ദല്‍ഹിയില്‍നിന്നുള്ള നിര്‍ദേശപ്രകാരം’ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു തുടക്കം. മമത പറഞ്ഞു: ബിഎസ്എസ് ആചാര്യന് കാര്‍ത്തിക് മഹാരാജിനെ പേരെടുത്തുപറഞ്ഞാണ് മമത അധിക്ഷേപിച്ചത്. അയാളെ ഞാന്‍ സംന്യാസിയായി കണക്കാക്കുന്നില്ല. അയാള്‍ നേരിട്ട് രാഷ്ട്രീയം കളിക്കുന്നു, രാജ്യത്തെ നശിപ്പിക്കുന്നു, എന്നായിരുന്നു മമതയുടെ വിവാദ പരാമര്‍ശം.
രാമകൃഷ്ണ മിഷന്, ബിഎസ്എസ്സ്, ഇസ്കോണ്‍ തുടങ്ങിയവ ലോകവ്യാപകമായി സേവന പ്രവര്‍ത്തനം ചെയ്യുന്നവരാണ്. എന്നാല്‍ ബംഗാള്‍ മുഖ്യമന്ത്രി അവരെ പരസ്യമായി ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഈ സംഘടനകള്‍ക്ക് കോടിക്കണക്കിന് അനുയായികളുണ്ട്. അവരുടെ ലക്ഷ്യം ജനസേവനം മാത്രമാണ്. ബംഗാള്‍ സര്‍ക്കാര്‍ അവര്‍ക്കെതിരേ വിരല്‍ ചൂണ്ടിയിരിക്കുന്നു. ഈ ധൈര്യം വോട്ടുബാങ്കിനെ കണ്ടാണ്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: