ടെഹ്‌റാന്‍: ഹെലികോപ്ടര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെയും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീറബ്ദുല്ലാഹിയാനെയും കാണാതായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടുത്ത് ഹെലികോപ്റ്റര്‍ ഇറക്കിയെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ശുഭപ്രതീക്ഷയുണ്ടെങ്കിലും അപകട സ്ഥലത്തുനിന്നു ലഭിക്കുന്ന വിവരങ്ങള്‍ ആശങ്കാജനകമാണെന്ന് അധികൃതരെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കടുത്ത മഞ്ഞ് കാരണം ദുരന്തനിവാരണ സംഘങ്ങള്‍ സംഭവ സ്ഥലത്തെത്താന്‍ ഏറെ വൈകി. കാലാവസ്ഥ മോശമായത് രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമാകുന്നു. ഇവിടെ അതിശക്തമായ മഴയും കാറ്റുമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ഔദ്യോഗിക ടെലിവിഷനിലെ ദൈനംദിന പരിപാടികള്‍ നിര്‍ത്തിവച്ചു. പ്രസിഡന്റിന് വേണ്ടി രാജ്യത്തെ ജനങ്ങള്‍ നടത്തുന്ന പ്രാര്‍ത്ഥനയാണ് സംപ്രേഷണം ചെയ്യുന്നത്. സ്‌ക്രീനിന് താഴെയായി കനത്ത മൂടല്‍മഞ്ഞില്‍ കാല്‍നടയായി മലയോര മേഖലയില്‍ തിരച്ചില്‍ നടത്തുന്ന രക്ഷാസംഘത്തിന്റെ തത്സമയ ദൃശ്യങ്ങളും സംപ്രേഷണം ചെയ്യുന്നുണ്ട്. ഇതിനപ്പുറം മറ്റ് വിവരങ്ങളൊന്നും രാത്രി വൈകിയും ലഭ്യമായിട്ടില്ല.
അണക്കെട്ട് ഉദ്ഘാടനത്തിനായാണ് ഇറാന്‍ പ്രസിഡന്റ് അസര്‍ബൈജാനിലെത്തിയത്. അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അല്‍യേവിനൊപ്പമാണ് അണക്കെട്ട് ഉദ്ഘാടനം ചെയ്തത്. അസര്‍ബൈജാനും ഇറാനും ചേര്‍ന്ന് അരാസ് നദിയില്‍ നിര്‍മിച്ച മൂന്നാമത്തെ അണക്കെട്ടിന്റെ ഉദ്ഘാടനമായിരുന്നു നടന്നത്.
പ്രസിഡന്റ് റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പെട്ടതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. ഇറാനിയല്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും അപകടത്തില്‍ പ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
63 കാരനായ റെയ്‌സി, മുമ്പ് രാജ്യത്തെ ചീഫ് ജസ്റ്റിസായിരുന്നു. 2021ലെ തെരഞ്ഞെടുപ്പിലാണ് റെയ്‌സി പ്രസിഡന്റ് പദത്തിലേക്കത്തിയത്. ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് ഭൂരിപക്ഷത്തോടെയാണ് റെയ്‌സി അധികാരത്തിലേറിയത്. ആയത്തൊള്ള അലി ഖമേനിക്ക് പകരം അടുത്ത ഇറാന്‍ പരമാധികാരിയായി ഇദ്ദേഹം എത്തുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.
സദാചാര നിയമങ്ങള്‍ കടുപ്പിക്കുന്നതിലും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നതിലും കാര്‍ക്കശ്യനിലപാടുള്ള ഭരണാധികാരിയായിരുന്നു. പരമാധികാരിയായ അയത്തൊള്ള അലി ഖമേനിയുമായുള്ള അടുപ്പം റെയ്‌സിയുടെ നയങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്നതില്‍ അദ്ദേഹത്തിന് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: