ആലപ്പുഴ: മന്ത്രിസ്ഥാനത്തെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍സിപിയിലെ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് രംഗത്തെത്തി.
ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്ന എ.കെ. ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് തുടരണോ എന്ന് സ്വയം തീരുമാനിക്കണം. കുട്ടനാട്ടില്‍ നിന്ന് താന്‍ കൂടി ജയിച്ചതുകൊണ്ടാണ് ശശീന്ദ്രന് ഇപ്പോഴും മന്ത്രിസ്ഥാനത്തിരിക്കുന്നത്. ഒറ്റ എംഎല്‍എ മാത്രമായിരുന്നെങ്കില്‍ രണ്ടര വര്‍ഷമേ കിട്ടുകയുളളു.
തന്റെ ഔദാര്യത്തിലാണ് മന്ത്രിയായിരിക്കുന്നതെന്ന് ശശീന്ദ്രന് ഓര്‍ക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ദേശീയ നേതൃത്വത്തിന് മുന്നില്‍വച്ചുണ്ടായ ധാരണ പാലിച്ചേ മതിയാകു.
രണ്ടരവര്‍ഷം കഴിയുമ്പോള്‍ എ.കെ. ശശീന്ദ്രന് മന്ത്രിസ്ഥാനം ഒഴിയാമെന്ന കരാര്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലേക്ക് വന്ന് സംസ്ഥാന അധ്യക്ഷനായ പി.സി. ചാക്കോയാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും തോമസ് കെ തോമസ് ആരോപിച്ചു. തന്റെ ആവശ്യത്തില്‍ എന്‍സിപി കേന്ദ്ര നേതൃത്വം ഇടപെടുമെന്നാണ് കരുതുന്നത്. കരാറുണ്ടോ എന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കട്ടെ. അനൂകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അതിന് അനുസരിച്ച് നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: