കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെളിഞ്ഞു. പിടിക്കപ്പെടാതെ ബംഗളൂരുവിൽ എത്താനുള്ള മാർഗങ്ങൾ ഇയാൾ രാഹുലിന് പറഞ്ഞ് കൊടുത്തു എന്നാണ് വിവരം. രാഹുലിന്റെ സുഹൃത്ത് രാജേഷിനും ഇയാൾ സഹായങ്ങൾ നൽകി. ചാരപ്പണി ശ്രദ്ധയിൽപ്പെട്ട മേലുദ്യോഗസ്ഥർ ഇയാൾക്കെതിരെ അന്വേഷണത്തിന് നിർദേശിച്ചു.
പോലീസുകാരന്റെ കോൾ റെക്കോർഡ് ഉൾപ്പെടെയുള്ളവ പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. പന്തീരാങ്കാവ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനാണ് ആരോപണ വിധേയൻ. എന്നാൽ, ഇയാളുടെ പേരും മറ്റ് വിവരങ്ങളും അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഇയാൾ രാഹുലുമായി നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു. പരാതി വിവാദമായ ഉടൻ രാഹുലിനോട് നാടുവിടാൻ ഇയാൾ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ രാജേഷും ആരോപണ വിധേയനായ പോലീസുകാരനും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.
പന്തീരാങ്കാവ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ കമ്മീഷണർ മെമ്മോ നൽകിയിരുന്നു. ഇതേ കേസിൽ പരാതിക്കാരിയുമായി എത്തിയപ്പോൾ പ്രതിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് എസ്എച്ച്ഒയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. ജർമനിയിലേക്ക് കടന്ന രാഹുലിനെ നാട്ടിലെത്തിക്കാൻ റെഡ് കോർണർ നോട്ടീസ് ഇറക്കുന്ന കാര്യം പോലീസിന്റെ പരിഗണനയിലുണ്ട്. റെഡ് കോർണർ നോട്ടീസ് ഇറക്കിയാൽ വിദേശത്തുള്ള എജൻസികൾ തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും.
രാഹുൽ ജർമൻ പൗരനാണെന്ന വാദം തെറ്റാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബന്ധുക്കൾ ഇത്തരമൊരു പ്രചരണം നടത്തിയത് ബോധപൂർവമാണോയെന്നും പോലീസ് പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: