ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കാത്ത മഹാത്മ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലറെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ്.
സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയായ സിപിഎഎസിലെ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിലെ കോടതി നിര്‍ദേശം അനുസരിക്കാത്തതിനെതിരെയാണ് സുപ്രീംകോടതിയുടെ കടുത്ത മുന്നറിയിപ്പ്. ജൂലൈ 30ന് വൈസ് ചാന്‍സലറും രജിസ്ട്രാറും അടക്കം സര്‍വകലാശാലയിലെ ഏറ്റവും മുതിര്‍ന്ന നാല് ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാവാനും ജസ്റ്റിസ് പി.എസ്. നരസിംഹ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളുടെ ഭരണ നിര്‍വഹണത്തിനായി രൂപീകരിച്ച സിപിഎഎസ് സൊസൈറ്റിക്ക് വേണ്ടി എംജി സര്‍വകലാശാലയില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് 2022 സപ്തംബര്‍ വരെയുള്ള ശമ്പളവും ആനുകൂല്യങ്ങളും നാലാഴ്ചയ്ക്കകം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതു പാലിക്കാത്തതിനാണ് വിസിയെ അടക്കം വിളിച്ചുവരുത്താന്‍ കോടതി തീരുമാനിച്ചത്. എം.ജി സര്‍വകലാശാലയും വി.സി അടക്കമുള്ളവരും പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നടത്തിയെന്ന് ബെഞ്ച് വിലയിരുത്തി.
സര്‍വകലാശാല ജീവനക്കാരെ പിരിച്ചുവിട്ട നടപടി ഹൈക്കോടതിയും തുടര്‍ന്ന് സുപ്രീംകോടതിയും റദ്ദാക്കിയിരുന്നു. ജീവനക്കാരെ എല്ലാം പഴയ തസ്തികകളില്‍ പുനര്‍ നിയമിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് നിലവില്‍ വന്ന 2019 വരെയുള്ള ശമ്പളമടക്കം നല്‍കിയെന്നാണ് സര്‍വകലാശാലയുടെ വാദം. പിരിച്ചുവിടല്‍ 2022ലാണ് നടന്നതെന്നും അതുവരെയുള്ള ശമ്പളവും ആനുകൂല്യങ്ങളും വേണമെന്ന് ജീവനക്കാര്‍ കോടതിയില്‍ ആവശ്യപ്പെടുകയും ഇതു നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിടുകയുമായിരുന്നു. എംജി വിസി സാബു തോമസ്, രജിസ്ട്രാര്‍ പ്രകാശ് കുമാര്‍ ബി, പ്രോ വിസി അരവിന്ദ് കുമാര്‍ സി.ടി., എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും സിപിഎം നേതാവുമായ റെജി സക്കറിയ എന്നിവരോടാണ് നേരിട്ട് ഹാജരാവാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.
ജീവനക്കാര്‍ക്ക് ശമ്പളവും ആനൂകൂല്യങ്ങളും നല്‍കില്ലെന്ന നിലപാടുമായി മുതിര്‍ന്ന അഭിഭാഷകനായ മനു അഭിഷേക് സിങ്വി അടക്കമുള്ളവരെയാണ് സര്‍വകലാശാല കോടതിയില്‍ അണിനിരത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: