ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉള്‍പ്പെടെ പ്രമുഖര്‍ കുടുങ്ങിയ ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടിയെയും പ്രതി ചേര്‍ക്കും.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ദല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചതാണിത്. ആദ്യമാണ് അഴിമതിക്കേസില്‍ ഏതെങ്കിലും പാര്‍ട്ടി പ്രതിയാകുന്നത്. ഇതേ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മനീഷ് സിസോദിയ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ഇ ഡി ഇക്കാര്യം അറിയിച്ചത്.
ജാമ്യത്തെ എതിര്‍ത്ത ഇഡി, കേസില്‍ ആം ആദ്മി പാര്‍ട്ടിയെയും പ്രതി ചേര്‍ക്കുമെന്നും അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും വ്യക്തമാക്കി. ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ വിധി പറയാന്‍ മാറ്റി. ഇ ഡിക്കു വേണ്ടി അഡ്വ. സുഹൈബ് ഹുസൈനാണ് ഹാജരായത്. കേസില്‍ 17 പേരെ അറസ്റ്റ് ചെയ്തതായും അനുബന്ധ കുറ്റപത്രത്തില്‍ ആപ്പ് വക്താവിനെയും പ്രതി ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസ് വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ കൂട്ടായി ശ്രമിക്കുകയാണ്. ഈ കേസില്‍ മാത്രം 250ല്‍ അധികം ഹര്‍ജികളും അപേക്ഷകളും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടിയെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പരിധിയില്‍ കൊണ്ടുവരാമെന്ന് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. അരവിന്ദ് കേജ്രിവാള് അറസ്റ്റിനെതിരേ സമര്‍പ്പിച്ച ഹര്‍ജി തള്ളിയായിരുന്നു ഇത്.
ആപ്പ് പ്രചാരണച്ചുമതലയും ഉത്തരവാദിത്തവും കേജ്രിവാളിനാണെന്ന് ഇ ഡി അന്ന് കോടതിയെ അറിയിച്ചിരുന്നു. ഇതിനാലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം രാഷ്ട്രീയ പാര്‍ട്ടിയെയും പരിധിയില്‍ കൊണ്ടുവരാമെന്ന് കോടതി വ്യക്തമാക്കിയത്.
മദ്യനയ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലാണ് സിബിഐയും ഇ ഡിയും സിസോദിയയെ അറസ്റ്റ് ചെയ്തത്. സിബിഐ കേസുകളില്‍ വിചാരണക്കോടതിയും ദല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും സിസോദിയയ്ക്കു ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യം നിഷേധിച്ചതിനെതിരേയുള്ള സിസോദിയയുടെ പുനഃപരിശോധനാ ഹര്‍ജികളും സുപ്രീംകോടതി തള്ളി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. പിന്നാലെ മാര്‍ച്ച് ഒന്‍പതിന് ഇഡി അറസ്റ്റ് രേഖപ്പെടുത്തി.
കേസില്‍ ഇഡി അറസ്റ്റ് ചെയ്ത അരവിന്ദ് കേജ്രിവാള് ഇപ്പോള്‍ സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിലാണ്. തെരഞ്ഞെടുപ്പു പ്രചാരണത്തിന് കര്‍ശന ഉപാധികളോടെയാണ് ഇടക്കാല ജാമ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: