മുംബൈ: പാക് അധിനിവേശ കശ്മീരില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിഷയത്തിലെ ഭാരതത്തിന്റെ നിലപാട് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഒരു ദിവസം ഈ അധിനിവേശം നമ്മള് ഇല്ലാതാക്കും. പിഒകെ ഭാരതവുമായി ചേരും, എസ്. ജയശങ്കര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി സംഭവവികാസങ്ങളാണ് പിഒകെയില്‍ നടന്നുകൊണ്ടിരിക്കുന്നത്. അവിടെ എന്താണ് നടക്കുന്നതെന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. മോദി സര്‍ക്കാരിന് ഇതില്‍ വ്യക്തമായ നിലപാടുണ്ട്. പിഒകെ ഭാരതത്തിന്റെ ഭാഗമാണ്. മുന്‍പും അങ്ങനെയായിരുന്നു. ഇനിയും അങ്ങനെ തന്നെയായിരിക്കും. മുംബൈയിലെ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കവെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ എന്‍ഡിഎ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം ആര്‍ട്ടിക്കിള്‍ 370 നടപ്പാക്കിയതാണ്. കശ്മീരില്‍ എങ്ങനെ വികസനപ്രവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാം, കശ്മീരിനെ എങ്ങനെ രാജ്യത്തോട് ചേര്‍ത്ത് നിര്‍ത്താം എന്നൊക്കെയാണ് എന്‍ഡിഎ ചിന്തിക്കുന്നത്.
പാകിസ്ഥാന്റെ പക്കല്‍ ആണവായുധമുള്ളതിനാല് ഫറൂഖ് അബ്ദുള്ള പറയുന്നത് അവരെ കുറിച്ച് സംസാരിക്കരുതെന്നാണ്. ഭാരതത്തിന്റെ ആണവായുധത്തില്‍ നമ്മള് അഭിമാനിക്കുന്നു. മറിച്ച് അവര്‍ പാകിസ്ഥാന് കൂടുതല്‍ പ്രാധാന്യം നല്കുന്നു. മണിശങ്കര്‍ അയ്യര്‍ ആയാലും ഫറൂക് അബ്ദുള്ള ആയാലും അവര്‍ പാകിസ്ഥാന്റെ ആണവായുധത്തെ ഭയക്കുന്നു. അതുകൊണ്ടാണ് നമ്മള് പാകിസ്ഥാനെ കുറിച്ച് പറയരുതെന്ന് അവര്‍ ചിന്തിക്കുന്നതെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: