കണ്ണൂര്‍: അങ്കണവാടിയില്‍ അഞ്ച് വയസ്സുകാരന് തിളച്ച പാല് നല്‍കിയതിനെ തുടര്‍ന്ന് പൊളളലേറ്റ സംഭവത്തില്‍ ഹെല്‍പ്പര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂര്‍ പിണറായി കോളോട് അങ്കണവാടി ജീവനക്കാരി വി. ഷീബയ്ക്കെതിരെയാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 337, 127 വകുപ്പുകള്‍ പ്രകാരമാണ് അങ്കണവാടി ജീവനക്കാരിക്കെതിരെ കേസെടുത്തത്. ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
സംസാരിക്കാന്‍ ബുദ്ധിമുട്ടുളള കുട്ടിക്ക് പൊളളലേറ്റിട്ടും ആശുപത്രിയിലെത്തിക്കാന്‍ അങ്കണവാടി ജീവനക്കാര്‍ തയ്യാറായില്ലെന്ന് കുട്ടിയുടെ അച്ഛന് വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കുട്ടിയെ അങ്കണവാടിയിലാക്കിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാണ്, വീട്ടിലേക്ക് വിളി വന്നത്. താടിയിലെ തൊലി പൊളിയെന്നാണ് പറഞ്ഞത്.
എന്നാല്‍ സ്ഥലത്തെത്തിയപ്പോള്‍ മകന്റെ കീഴ്ത്താടിയും ചുണ്ടും നാവുമെല്ലാം പൊള്ളലേറ്റതാണ് കണ്ടതെന്ന് പിതാവ് പ്രതികരിച്ചു. കുട്ടിക്ക് എന്താ കൊടുത്തതെന്ന് ചോദിച്ചപ്പോള്‍ പാല് കൊടുത്തിരുന്നുവെന്ന് പറഞ്ഞു. തിളച്ച പാല് കുടിച്ച് പൊള്ളലേറ്റിട്ടും കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും കുട്ടിയുടെ അച്ഛന് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: