ഭുവനേശ്വര്‍: അണുബോംബ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പോലും അറിയാത്തവരാണ് പാകിസ്ഥാന്. അവര്‍ തങ്ങളുടെ ബോംബുകള്‍ വില്ക്കാന് നടക്കുകയാണ്. പക്ഷേ ആരും അവരില്‍ നിന്ന് വാങ്ങില്ല. ആളുകള്‍ക്ക് അവരുടെ സാധനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് അറിയാം. ഇത്തരത്തിലുള്ള പാകിസ്ഥാനെയാണ് കോണ്‍ഗ്രസ് പിന്താങ്ങുകയും അണുബോംബുണ്ട് സൂക്ഷിക്കണമെന്ന് പറയുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയിലെ കാണ്ഡമാലിലും ബോലാങ്കിറിലും എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കാണ്ഡമാലില്‍ സാമൂഹിക പ്രവര്‍ത്തകയും പദ്മശ്രീ ജേതാവുമായ പൂര്ണമാസി ജാനിയുടെ പാദങ്ങള്‍ തൊട്ട് നമസ്കരിച്ചുകൊണ്ടാണ് മോദി റാലിയെ അഭിസംബോധന ചെയ്തത്.
ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 50 സീറ്റില്‍ താഴെയായി ചുരുങ്ങും. ജൂണ്‍ നാലിന് പാര്‍ട്ടിക്ക് രാജ്യത്തിന്റെ പാര്‍ലമെന്റില്‍ പ്രതിപക്ഷമാകാന്‍ പോലും കഴിയില്ല. ഭാരതത്തിലെ മുസ്ലീങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകില്ലെന്ന് കോണ്‍ഗ്രസിനോട് പറയൂയെന്നും അദ്ദേഹം പറഞ്ഞു.
26 വര്‍ഷം മുമ്പ് മെയ് 11ന് അടല്‍ ബിഹാരി വാജ്പേയിയുടെ സര്‍ക്കാര്‍ പൊഖ്റാനില്‍ ആണവപരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഒരുവശത്ത് ഭാരതം അതിന്റെ കഴിവ് ലോകത്തിന് മുന്നില്‍ കാണിച്ചുതന്ന ദിവസമായിരുന്നു അത്. മറുവശത്ത് കോണ്‍ഗ്രസ് അണുബോംബുണ്ടെന്ന് പറഞ്ഞ് ആവര്‍ത്തിച്ച് ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഭീകരതക്കെതിരെ ദുര്‍ബല മന:സ്ഥിതിയാണ് കോണ്‍ഗ്രസിന്റേത്. ഭീകരരെ ഒരു പാഠം പഠിപ്പിക്കേണ്ടതിന് പകരും അവരുമായി ചര്‍ച്ചക്കാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഭീകരതക്കെതിരെ ശക്തമായ നടപടി കോണ്‍ഗ്രസ് എടുത്തിരുന്നെങ്കില്‍ മുംബൈ ഭീകരാക്രമണം ഉണ്ടാകുമായിരുന്നില്ലെന്നും മോദി പറഞ്ഞു. വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി ഭീകരതയോട് മൃദുസമീപനമാണ് അവര്‍ സ്വീകരിച്ചിരുന്നത്. ജമ്മുകശ്മീരിലെ ജനങ്ങള്‍ 60 വര്‍ഷമായി ഭീകരത അനുഭവിക്കുകയായിരുന്നു. ഇന്നതിന് അറുതി വന്നിരിക്കുന്നതായും മോദി പറഞ്ഞു.
ഒഡീഷ സമ്പന്നമാണ്, പക്ഷേ ഇവിടെയുള്ള ഭൂരിഭാഗം ആളുകളും ദരിദ്രരാണ്. ദാരിദ്ര്യം ഇല്ലാതാക്കാന്‍ ബിജെഡി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ഒഡീഷയുടെ സ്വത്വം അപകടത്തിലാണ്. ബിജെപി അത് സംരക്ഷിക്കും. ഒഡീഷയി ജന്മം നല്കിയ ഒരു വനവാസി മകളെ ബിജെപി ഭാരതത്തിന്റെ രാഷ്ട്രപതിയാക്കി. ഒഡീഷയില്‍ ആദ്യമായി ഡബിള്‍ എന്ജിന് സര്‍ക്കാര്‍ രൂപീകരിക്കും. ഇന്ന് ഒഡീഷയുടെ പെണ്മകള് സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളെ നിയന്ത്രിക്കുന്നു. അവര്‍ രാജ്യത്തിന്റെ അഭിമാനമാണ്. ഇവര്‍ രാജ്യത്തിന്റെ ദിശ നിര്‍ണയിക്കുന്നു. നിങ്ങളുടെ വോട്ടിന്റെ ശക്തികൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. മോദി ഒരു മാധ്യമം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ രത്നഭണ്ഡാരത്തിന്റെ താക്കോല്‍ കഴിഞ്ഞ ആറു വര്‍ഷമായി നഷ്ടപ്പെട്ടിരിക്കയാണ്. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ കണ്ടെത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പിന്നീട് പറഞ്ഞത്. എന്തിനാണ് ഈ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ നിര്‍മിച്ചതെന്നതാണ് ചോദ്യം. നഷ്ടപ്പെട്ട താക്കോലെവിടെയാണെന്നും മോദി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: