ശ്രീനഗര്‍ : മാറുന്ന ജമ്മുകശ്മീരില്‍ മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം നല്കി റിയാസി ജില്ലയിലെ രണ്ട് മുസ്ലിം സഹോദരങ്ങള്‍. 500 വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രത്തിലേക്കുള്ള റോഡ് നിര്‍മാണത്തിനായി സ്ഥലം സൗജന്യമായി വിട്ടുനല്‍കിയാണ് സൗഹാര്‍ദ്ദത്തിന്റെ മാതൃക ഊട്ടിയുറപ്പിച്ചത്.
ഖേരാല്‍ നിവാസികളായ ഗുലാം റസൂല്‍, ഗുലാം മുഹമ്മദ് എന്നിവരാണ് തങ്ങളുടെ ഭൂമി കന്സി പട്ട ഗ്രാമത്തിലെ ഗുപ്ത് കാശി ഗൗരി ശങ്കര്‍ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിനും ക്ഷേത്രത്തിലേക്ക് റോഡ് നിര്‍മിക്കാനുമായി ഭൂമി സംഭാവന ചെയ്തത്. ഒരു കോടിയോളം വിലമതിക്കുന്ന ഭൂമിയാണ് ഇരുവരും സംഭാവന ചെയ്തത്.
റിയാസി ജില്ലയിലെ കന്സി പട്ട ഗ്രാമത്തിലെ ഗൗരി ശങ്കര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 1200 മീറ്റര്‍ വീതിയില്‍ 10 അടി വീതിയില്‍ റോഡ് നിര്‍മ്മിക്കും. റോഡ് പ്രശ്നം ചൂണ്ടിക്കാട്ടി സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചതായി മുന്‍ പഞ്ചായത്ത് അംഗവും കര്‍ഷകനുമായ ഗുലാം റസൂല്‍ പറഞ്ഞു.
സാമുദായിക സൗഹാര്‍ദം സംരക്ഷിക്കുന്നതിനായി പഞ്ചായത്ത് അംഗങ്ങളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും യോഗം അടുത്തിടെ നടന്നിരുന്നു. യോഗത്തില്‍ ഭൂവുടമകളായ ഗുലാം റസൂലും ഗുലാം മുഹമ്മദും തങ്ങളുടെ ഭൂമിയുടെ കുറച്ച് ഭാഗം റോഡിനായി വിട്ടുനല്‍കാന്‍ തയ്യാറായി മുന്നോട്ടുവന്നത്. അതിനിടെ ക്ഷേത്രവും നവീകരണത്തിനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: