കൊച്ചി: ഹിന്ദു സമൂഹത്തിന്റെ ഉണര്വിന് സ്വാമി ചിന്മയാനന്ദ നല്കിയ സംഭാവന വളരെ വലുതാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതം ഒരു കുരുക്ഷേത്രമായിരുന്ന കാലഘട്ടത്തിലാണ് ഭഗവത് ഗീതയുടെ ജ്ഞാനപ്രവാഹവുമായി ചിന്മയാനന്ദ സ്വാമികള്‍ രാജ്യത്തുടനീളം യാത്ര ചെയ്തത്. ഇരുട്ടില്‍ വഴിയറിയാതെ വിഷമിക്കുന്ന സമൂഹത്തിനുള്ള വെളിച്ചമാണ് സ്വാമി ചിന്മയാനന്ദന്റെ വാക്കുകളെന്നും ഹൊസബാളെ വ്യക്തമാക്കി. കൊച്ചിയില്‍ ചിന്മയശങ്കരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹം ഉപഭോഗസംസ്കാരത്തിലേക്ക് കൂപ്പുകുത്തുകയും സംസ്കാരശൂന്യതയിലേക്ക് തിരിയുകയും ചെയ്തപ്പോള്‍, ജാതി, സമൂഹ, വര്‍ഗ ചിന്തകള്‍ക്കതീതമായി സമൂഹത്തെ ശരിയായ വഴിയിലേക്ക് നയിച്ചത് കാലാകാലങ്ങളില്‍ ഉയര്‍ന്നുവന്ന ആചാര്യന്മാരായിരുന്നു. ആ ഗണത്തില്‍ സമുദ്രത്തിന്റെ ആഴവും ഹിമാലയപ്പൊക്കവുമുള്ള ജീവിതം മുന്നോട്ടുവച്ച ആചാര്യനാണ് സ്വാമി ചിന്മയാനന്ദന്. അദ്ദേഹം ആത്മീയ ഗുരുവായിരുന്നു. ശങ്കരാചാര്യര്‍, നാരായണഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യന്‍കാളി തുടങ്ങി അനേകം ആത്മീയഗുരുക്കന്മാരുടെ നാടാണ് കേരളം. ആ ശ്രേണിയില്‍ ഏറ്റവും തിളങ്ങുന്ന നക്ഷത്രമായിരുന്നു, സ്വാമി ചിന്മയാനന്ദന്.
പരമ്പരാഗത ചിന്താധാരകളില്‍നിന്നു പ്രചോദനം ഉള്‍ക്കൊള്ളുന്നതോടൊപ്പം തന്നെ, അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ചോദ്യം ചെയ്യുന്ന ചെറുപ്പകാലം സ്വാമി വിവേകാനന്ദനെ ഓര്‍മിപ്പിക്കുന്നതാണ്. ചെറുപ്പത്തില്‍ തന്നെ സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെട്ടു. ‘മോചി’ എന്ന തൂലിക നാമത്തില്‍ എഴുതി. പാവങ്ങളെക്കുറിച്ച് സംസാരിച്ചു. ഓരോ മനുഷ്യനിലും ദൈവമുണ്ടെന്നും അവരെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിനു തുല്യമാണെന്നും സ്വാമിജി ചിന്തിച്ചു. അത് പ്രചരിപ്പിച്ചു. ‘മോചി’ എന്നാല്‍ ചെരുപ്പ് കുത്തുന്നവരാണ്. അവര്‍ കാരണമാണ് മറ്റുള്ളവര്‍ കാലില്‍ മുള്ളുകൊള്ളാതെയും ചെളി പറ്റാതെയും നടക്കുന്നത്. സ്വാമി ചിന്മയാനന്ദന് പിന്നീട് ആത്മീയതയുടെ ചെരുപ്പുണ്ടാക്കി നമ്മയൊക്കെ അതിലൂടെ നടത്തി. സ്വാമിജിയുടെ ഏറ്റവും വലി യ സംഭാവനയായിരുന്നു ഗീതാജ്ഞാന യജ്ഞങ്ങള്‍. ഉപനിഷത്തുകളെയും ഗീതയേയും മറ്റും പൊതുവേദികളില്‍ എത്തിച്ചത് അദ്ദേഹമാണ്.
ഭഗവാന് ശ്രീകൃഷ്ണന് ദ്വാപരയുഗത്തില്‍ കുരുക്ഷേത്രത്തില്‍ എങ്ങനെയാണോ ഗീതയുപദേശിച്ചത് കലിയുഗത്തില്‍ അതേകാര്യം ചെയ്തയാളായിരുന്നു സ്വാമിജി. ഭാരതത്തിന്റെ ജ്ഞാനം മുഴുവന്‍ ലോകത്തിലേക്കും എത്തിക്കുക എന്നതിനാണ് പ്രാധാന്യം. ധര്‍മം പ്രവര്‍ത്തിക്കാനുള്ളതാണ്. പ്രവര്‍ത്തനത്തിലെ ആ പൂര്‍ണതയായിരുന്നു സ്വാമി ചിന്മയാനന്ദന്, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
ചിന്മയ ശങ്കരത്തിന്റെ വേദിയിലെത്തിയ സര്‍കാര്യവാഹിനെ ചിന്മയ മിഷന് സംസ്ഥാന അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ചിന്മയ മിഷന് ആഗോള അധ്യക്ഷന്‍ സ്വാമി സ്വരൂപാനന്ദ സരസ്വതി ഹൊസബാളെയ്ക്ക് ഉപഹാരം കൈമാറി. ചിന്മയ മിഷന് കേരള ചീഫ് സേവക് സുരേഷ് മോഹന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: