ന്യൂദല്‍ഹി: ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജാമ്യത്തിലിറങ്ങി മുഖ്യമന്ത്രിയുടെ ഓഫീസിലോ ദല്‍ഹി സെക്രട്ടേറിയറ്റിലോ പോകരുതെന്നും ഔദ്യോഗിക ഫയലുകളില്‍ ഒപ്പുവയ്ക്കരുതെന്നും അടക്കം നിരവധി കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി ജൂണ്‍ രണ്ടിന് രാവിലെ തിഹാര്‍ ജയിലില്‍ കേജ്രിവാള് തിരിച്ചെത്തണമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവെന്നു പരിഗണിച്ചാണ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം നല്‍കിയത്.
സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതോടെ ഇന്നലെ വൈകിട്ട് അരവിന്ദ് കേജ്രിവാള് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. 25ന് വോട്ടെടുപ്പു നടക്കുന്ന ദല്‍ഹിയിലെ ഏഴു മണ്ഡലങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് പ്രചാരണത്തിനിറങ്ങാന്‍ ഇതോടെ കേജ്രിവാളിന് കഴിയും. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പ്രസ്താവനകളിറക്കുന്നതിനോ പ്രചാരണം നടത്തുന്നതിനോ മുഖ്യമന്ത്രിക്ക് അനുവാദമില്ല. സുപ്രീംകോടതി വിധിയെ വിജയമായി ആപ്പ് നേതൃത്വം പറയുമ്പോഴും അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി ഭരണത്തിലേറിയ പാര്‍ട്ടിക്ക് കേജ്രിവാളിന്റെയും മറ്റ് ആപ്പ് നേതാക്കളുടെയും ജയില്‍വാസം വലിയ തിരിച്ചടിയാണ് ദല്ഹിയിലുണ്ടാക്കിയത്.
മദ്യനയ അഴിമതിയിലെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് മാര്‍ച്ച് 21 മുതല്‍ 50 ദിവസത്തിലേറെയായി കേജ്രിവാള് ജയിലിലായിരുന്നു. ഇതേ കേസില്‍ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ മാസങ്ങളായി ജയിലിലാണ്.
അതിനിടെ മദ്യനയ അഴിമതിക്കേസില്‍ കേജ്രിവാള് അടക്കമുള്ള പ്രതികള്‍ക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ വിചാരണ കോടതിയില്‍ അനു
ബന്ധ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
ഉത്തരവിലെ പ്രധാന വ്യവസ്ഥകള്‍
- മുഖ്യമന്ത്രിയുടെ ഓഫീസിലോ ദല്‍ഹി സെക്രട്ടേറിയറ്റിലോ പ്രവേശിക്കരുത്.
- മുഖ്യമന്ത്രിയുടെ ഒപ്പോടു കൂടി മാത്രം അന്തിമ തീരുമാനമെടുക്കാന്‍ ലഫ്. ഗവര്‍ണര്‍ക്ക് മുന്നിലെത്തേണ്ട ഫയലുകളില്‍ ഒപ്പിടാം. മറ്റൊരു ഫയലിലും ഒപ്പുവയ്ക്കരുത്.
- ഭരണപരമായ തീരുമാനങ്ങള്‍ എടുക്കാനാകില്ല.
- മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഒന്നും പ്രതികരിക്കാന്‍ പാടില്ല.
- കേസിലെ സാക്ഷികളെയോ കേസുമായി ബന്ധപ്പെട്ട ഏതെങ്കിലും ഔദ്യോഗിക രേഖകളോ കാണാന്‍ പാടില്ല.
- ജൂണ്‍ രണ്ടിന് തിഹാര്‍ ജയിലില്‍ കീഴടങ്ങണം.
- ജാമ്യത്തുകയായി 50,000 രൂപയും ഒരു ആള്‍ജാമ്യവും ജയില്‍ സൂപ്രണ്ടിന് മുന്നില്‍ ഹാജരാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: