ഖുന്തി(ഝാര്‍ഖണ്ഡ്): പാക് അധിനിവേശ കശ്മീരിന്റെ ഓരോ ഇഞ്ചും ഭാരതത്തിന്റേതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു ശക്തിക്കും അത് മാറ്റാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ പക്കല്‍ ആറ്റം ബോംബുണ്ടെന്നും പാകിസ്ഥാനെ ബഹുമാനിക്കണമെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയ്ക്കെതിരെ ഝാര്‍ഖണ്ഡിലെ ഖുന്തിയില്‍ എന്‍ഡിഎ റാലിയില്‍ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു അമിത് ഷാ.
പിഒകെയില്‍ നിന്ന് പാകിസ്ഥാനോട് പിന്മാറാന് പറയേണ്ടതിന് പകരം അവരുടെ പക്കല്‍ അണുവായുധമുണ്ടെന്ന് പറഞ്ഞ് ഭാരതീയരെ ഭീഷണിപ്പെടുത്താനാണ് കോണ്‍ഗ്രസ് നേതാവ് ശ്രമിക്കുന്നത്. മണിശങ്കര്‍ അയ്യര്‍ നമ്മളെ ഭീഷണിപ്പെടുത്തുകയാണ്. കുറച്ചു ദിവസം മുമ്പാണ് ഇന്‍ഡി മുന്നണി നേതാവ് ഫറൂഖ് അബ്ദുള്ള ഇതേ കാര്യം പറഞ്ഞത്. ഒരുകാര്യം ഇന്‍ഡി മുന്നണിയോടും കോണ്‍ഗ്രസിനോടും പറയാന്‍ ആഗ്രഹിക്കുന്നു, പിഒകെ ഭാരതത്തിന്റേതാണ്. ഒരാള്‍ക്കും അത് മാറ്റാന്‍ കഴിയില്ല. പിഒകെ ഭാരതത്തിന്റേതാണെന്ന് നമ്മള് പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയതാണ്. എന്നിട്ടിപ്പോള്‍ കോണ്‍ഗ്രസുകാര്‍ ആറ്റംബോംബിന്റെ കാര്യം പറയുന്നു. കോണ്‍ഗ്രസിനെന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ല, അമിത് ഷാ പറഞ്ഞു.
എഴുപത് കൊല്ലം കോണ്‍ഗ്രസുകാര്‍ക്ക് തടഞ്ഞുവച്ച രാമക്ഷേത്രം അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ സര്‍ക്കാരാണ് മോദിയുടേത്. കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. രാഹുല്‍ ബാബ രാമക്ഷേത്രത്തിലേക്ക് വന്നതേയില്ല. അദ്ദേഹത്തിന് വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന പേടിയാണ്. ഇതേ വോട്ട് ബാങ്കാണ് ഝാര്‍ഖണ്ഡിലെ ഗോത്രജനതയുടെ ഭൂമി കൈയേറിയത്, അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് ഇത്രയും കാലം ഗോത്ര ജനതയ്ക്ക് വേണ്ടി എന്താണ് ചെയ്തത്? മോദിയാണ് കൈയേറ്റക്കാരെ തടഞ്ഞത്. ജനങ്ങളുടെ പണം വിഴുങ്ങുന്നതില്നിന്ന് മോദിയാണ് അവരെ തടഞ്ഞത്, അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: