വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയ തിഥി ദിനമാണ് അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. കേരളീയ രീതിയില്‍ പറഞ്ഞാല്‍ മേടമാസത്തിലെ കറുത്ത വാവു കഴിഞ്ഞു വരുന്ന മൂന്നാംദിനം. പേരു സൂചിപ്പിക്കുംപോലെ ഈ ദിനം അക്ഷയമായ പുണ്യം നല്കാന് ശേഷിയുള്ളതാണ്. പൊതുവില്‍ വൈഷ്ണവ പ്രാധാന്യമുള്ള ദിനമെങ്കിലും ശിവപാര്‍വ്വതിമാര്‍ക്കും ഈ ദിനവുമായി ബന്ധമുണ്ട്. അന്നസമൃദ്ധിയേകുന്ന ദിനമാണ് അക്ഷയ തൃതീയ എന്നാണ് വിശ്വാസം.
ദേവദേവനായ ശ്രീമഹാദേവന് അന്നപൂര്‍ണേശ്വരിയോട് ഭിക്ഷചോദിച്ചത് അക്ഷയതൃതീയ ദിനത്തിലാണെന്നാണ് വിശ്വാസം. അതിനാലാണ് ഈ ദിവസം അന്നസമൃദ്ധിയുള്ളതായി ഗണിക്കുന്നത്. പാണ്ഡവരുടെ വനവാസകാലത്ത് യുധിഷ്ഠിരന്റെ തപസിനെ തുടര്‍ന്ന് സൂര്യദേവന് പാഞ്ചാലിക്ക് അക്ഷയ പാത്രം നല്കിയതും അക്ഷയതൃതീയ ദിനത്തിലാണത്രേ.
സാധാരണ വ്രതങ്ങളില്‍ എണ്ണതേച്ചു കുളി നിഷിദ്ധമാണ്. എന്നാല്‍ അക്ഷയതൃതീയയില്‍ എണ്ണതേച്ചുകുളിക്കാം. സാധാരണ വ്രതങ്ങളും അക്ഷയതൃതീയ വ്രതവും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്.
മഹാവിഷ്ണുവിന്റെ മഹാപ്രസാദം ലഭിക്കുന്നതിന് വേണ്ടിയാണ് അക്ഷയതൃതീയ വ്രതം അനുഷ്ടിക്കേണ്ടത്. അക്ഷയതൃതീയ നാളില്‍ വിഷ്ണു സഹസ്രനാമമോ, വിഷ്ണു അഷ്ടോത്തരമോ ജപിക്കാം. അല്ലെങ്കില്‍ ‘ഓം നമോ നാരായണായ ശ്രീ മഹാവിഷ്ണവേ നമ’ എന്ന മന്ത്രം ജപിക്കാം. വിഷ്ണുക്ഷേത്രദര്‍ശനം നടത്തി പ്രസാദവും തുളസീ തീര്‍ത്ഥവും സ്വീകരിച്ച ശേഷം വീട്ടിലെത്തി സാത്വിക ഭക്ഷണം കഴിച്ച് വ്രതം അവസാനിപ്പിക്കാം.
ചതുര്‍യുഗങ്ങളില്‍ ആദ്യത്തേതായ കൃതയുഗം അക്ഷയ തൃതീയനാളിലാണ് ആരംഭിച്ചത്. കൃതയുഗത്തിലെ ശുകഌപക്ഷതൃതീയ തിഥിയിലാണത്രേ ലോകസൃഷ്ടി നാന്മുഖനായ ബ്രഹ്മാവ് നിര്‍വ്വഹിച്ചത്.
അക്ഷയതൃതീയ നാളിലെ ദാനധര്‍മ്മങ്ങള്‍ അപകടങ്ങളില്‍ നിന്നു രക്ഷിക്കുമെന്നാണ് ജ്യോതിഷവിധിയും വിശ്വാസവും. അന്ന് പുണ്യതീര്‍ത്ഥങ്ങളിലോ, പുണ്യനദികളിലോ സ്നാനം ചെയ്തു ഭഗവാനെ വണങ്ങിയാല്‍ സൗഭാഗ്യവും സമൃദ്ധിയും ജീവിതാന്ത്യംവരെ ലഭിക്കും. അക്ഷയതൃതീയയ്ക്ക് കുചേല പൂജ (ദരിദ്രരെ സഹായിക്കല്‍) ചെയ്താല്‍ ‘രാജയോഗം’ അനുഭവവേദ്യമാകും.
എസ്.കെ.കെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: