ഇംഫാൽ : സംസ്ഥാനത്തെ കാംജോങ് ജില്ലയിൽ 5,457 അനധികൃത കുടിയേറ്റക്കാരെ മണിപ്പൂർ സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും അവരെ നാടുകടത്താനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പറഞ്ഞു. എക്സിലെ പോസ്റ്റിലാണ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
മണിപ്പൂരിൽ 5,457 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി. അവരിൽ 5,173 പേരുടെ ബയോമെട്രിക് ഡാറ്റ രേഖപ്പെടുത്തിയിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മണിപ്പൂർ മുഖ്യമന്ത്രി പറഞ്ഞു.
ഈ നിർണായക ഘട്ടത്തിൽ അനധികൃത കുടിയേറ്റത്തിനെതിരെ സർക്കാർ സ്വീകരിച്ച നടപടികളെ ചില വിഘടനവാദി സംഘടനകൾ വിമർശിക്കുന്നുണ്ടെന്ന് ബിരേൻ സിംഗ് പറഞ്ഞു.
“ഇത് തദ്ദേശവാസികളുടെ നിലനിൽപ്പ് അപകടത്തിലായിരിക്കുന്ന സാഹചര്യമാണ്, ഇത് തുടരാൻ ഞങ്ങൾ അനുവദിക്കില്ല. വിരോധാഭാസമെന്നു പറയട്ടെ, അനധികൃത കുടിയേറ്റത്തിനെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ നിലപാടിനെക്കുറിച്ച് ഈ വിഘടനവാദി സംഘടനകൾ നിശബ്ദമാണ്, എന്നാൽ ഇന്ത്യയിലെ മണിപ്പൂരിൽ സ്വീകരിച്ച നടപടികളോട് എതിർപ്പ് ഉയർത്തുന്നു. ഈ സെലക്ടീവ് രോഷം, വിഘടനവാദ പ്രവണതകളോടെ ഈ ഗ്രൂപ്പുകൾ പിന്തുടരുന്ന അജണ്ടകളെയും കുപ്രചരണങ്ങളെയും കുറിച്ച് ആശങ്ക ഉയർത്തുന്നു, ”-അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേ സമയം ഫൈക്കോ, ഹുയിമി താന/സംഗലോക് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവരുടെ ബയോമെട്രിക്സ് ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേ സമയം എല്ലാ അനധികൃത കുടിയേറ്റക്കാർക്കും തന്റെ സർക്കാർ മാനുഷിക സഹായം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ മാസം ആദ്യം, മ്യാൻമറിൽ നിന്ന് മണിപ്പൂരിലേക്ക് കടന്ന 38 അനധികൃത കുടിയേറ്റക്കാരെ കൂടി തെങ്നൗപാൽ ജില്ലയിലെ മോറെ പട്ടണത്തിലൂടെ നാടുകടത്തിയതായി സിംഗ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ മൊത്തം 77 കുടിയേറ്റക്കാരെ നാടുകടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: