തഞ്ചാവൂര്‍: തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്ന് ചോള കാലഘട്ടത്തിലെ നന്ദി, വിഷ്ണു ശില്പങ്ങളും പല്ലവ കാലത്തെ ശിലാശാസനങ്ങളും കണ്ടെത്തി. ബൂത്തലൂരിനടുത്തുള്ള വയലില്‍ പാതി കുഴിച്ചിട്ട നിലയിലായിരുന്നു വിഗ്രഹങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സിത്തിരൈക്കുടി ഗ്രാമത്തിലെ പ്രൊഫ. എസ്. സത്യ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചരിത്രകാരന് മണി മാരനും സ്കൂള്‍ അദ്ധ്യാപകരായ തില്ലൈ ഗോവിന്ദരാജനും കെ. ജയലക്ഷ്മിയും നടത്തിയ പരിശോധനയിലാണ് ഇത് ചോള കാലഘട്ടത്തിലേതെന്ന് തിരിച്ചറിഞ്ഞത്.
എ ഡി 9-10 നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലേതാണ് കണ്ടെത്തിയ നന്ദിയുടെ വിഗ്രഹം. നന്ദിയുടെ കഴുത്ത് മുത്തുകള്‍ ചേര്‍ത്തു കൊണ്ട് മനോഹരമായി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. പ്രദേശത്തെ ഒരു വലിയ ശിവക്ഷേത്രം പൂര്‍ണമായും തകര്‍ന്നിരിക്കാം എന്നതാണ് ഇതില്‍ നിന്ന് മനസിലാകുന്നത് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നന്ദി വിഗ്രഹത്തിന് താഴെ ഒരു ലിഖിതമുണ്ടെന്നും ഇത് എട്ടാം നൂറ്റാണ്ടിലേതായിരിക്കുമെന്നും മണിമാരന്‍ പറഞ്ഞു.
ഇത് കൂടാതെ, ആനന്ദ കാവേരി കനാലിന്റെ അകത്തെ തെക്കേക്കരയില്‍ മൂന്നടിയോളം ഉയരമുള്ള മഹാവിഷ്ണുവിന്റെ ഒരു വിഗ്രഹം പകുതി കുഴിച്ചിട്ട നിലയിലും കണ്ടെത്തി. അതേസമയം, വിഷ്ണു വിഗ്രഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം, എട്ടാം നൂറ്റാണ്ടിലെ ഒരു ക്ഷേത്രത്തില്‍ ഇപ്പോഴും ആരാധന നടക്കുന്നുണ്ടെന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു. തഞ്ചാവൂര്‍ ജില്ലയില്‍ ആദ്യമായിട്ടാണ് നന്ദി വിഗ്രഹത്തിന് താഴെ പല്ലവ ലിഖിതങ്ങള്‍ കൊത്തിവെച്ച നിലയില്‍ കണ്ടെത്തുന്നത്, മാരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: