തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു. അര്‍ബുദ ചികിത്സയിലായിരുന്നു.
തിരുവനന്തപുരം പാങ്ങോട് ചിത്ര നഗറിലായിരുന്നു താമസം. ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഹരികുമാറിന്റെ ആദ്യസിനിമ 1981ല്‍ ഇറങ്ങിയ ആമ്പല്‍പ്പൂവ് ആണ്. 2022ല്‍ റിലീസായ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ആണ് അവസാന ചിത്രം. 1994ല്‍ ഇറങ്ങിയ എം.ടി. വാസുദേവന്‍ നായര്‍ രചന നിര്‍വഹിച്ച സുകൃതം ഹരികുമാറിന്റെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നാണ്. സുകൃതത്തിന് ഏറ്റവും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.
സ്നേഹപൂര്‍വം മീര, ഒരു സ്വകാര്യം, അയനം, പുലി വരുന്നേ പുലി, ജാലകം, ഊഴം, എഴുന്നള്ളത്ത്, ഉദ്യാനപാലകന്‍, സ്വയംവരപ്പന്തല്‍, പുലര്‍വെട്ടം, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, സദ്ഗമയ, ജ്വാലാമുഖി, കാറ്റും മഴയും, ക്ലിന്റ് തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. ദേശീയ, അന്തര്‍ദേശീയ അവാര്‍ഡുകളും ആറു സംസ്ഥാന അവാര്‍ഡും നേടിയ ഹരികുമാര്‍ എട്ടു ഡോക്യുമെന്ററിയും രണ്ടു ടെലിഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്. രാച്ചിയമ്മ എന്ന ടെലിഫിലിം സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. നിരവധി ഫിലിം ഫെസ്റ്റിവലുകളിലും 2005, 2008 വര്‍ഷങ്ങളില്‍ ദേശീയ പുരസ്കാര ജൂറിയായും പ്രവര്‍ത്തിച്ചു. കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആദ്യ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിരുന്നു.
ഭരതന്നൂര്‍ സ്കൂളിലാണ് പത്താം ക്ലാസ് വരെയുള്ള പഠനം. എന്‍ജിനീയറിങ് പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ സിനിമാക്കാഴ്ച കുറച്ചുകൂടി സജീവമായി. അസിസ്റ്റന്റ് എന്‍ജിനീയറായി കൊല്ലത്തെത്തിയപ്പോള്‍ സംവേദന ഫിലിം ഫോറത്തിന്റെ ഭാഗമായതോടെ സിനിമയിലേക്കു കൂടുതല്‍ അടുത്തു.
തിരുവനന്തപുരം പാലോടിനു സമീപം കാഞ്ചിനടയിലാണ് ഹരികുമാര്‍ ജനിച്ചത്. അച്ഛന് രാമകൃഷ്ണപിള്ള, അമ്മ അമ്മുക്കുട്ടിയമ്മ. ചന്ദ്രികയാണ് ഭാര്യ. മക്കള്‍: അമ്മു, ഗീതാഞ്ജലി (സിനിമ) . മരുമകന്: അരവിന്ദ് (മുത്തൂറ്റ്). ഭൗതികദേഹം ഇന്നലെ രാത്രി 8 മണിയോടെ വീട്ടിലെത്തിച്ചു നാളെ ഉച്ചയ്ക്ക് 12.30 ന് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ പൊതുദര്‍ശനം. ഉച്ചക്ക് 2.30ന് ശാന്തികവാടത്തില്‍ സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: