ഡെറാഡൂണ്‍: ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നസ് (ഇസ്കോണ്‍) ചെയര്മാന് ഗോപാല്‍ കൃഷ്ണ ഗോസ്വാമി സമാധിയായി. ഇന്നലെ രാവിലെ 9.20ന് ഡെറാഡൂണിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഭൗതികദേഹം ന്യൂദല്‍ഹിയിലെ കിഴക്കന്‍ കൈലാസത്തിലുള്ള ക്ഷേത്രത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. ഇന്ന് വൃന്ദാവനത്തിലാണ് സമാധിയിരുത്തുക.
മൂന്ന് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെയ് രണ്ടിന് ഒരു ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കവെ കാല് വഴുതി വീഴുകയായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്വാമിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ഭഗവാന് ശ്രീകൃഷ്ണനോടുള്ള അചഞ്ചലമായ ഭക്തിയിലും ഇസ്കോണ്‍ വഴിയുള്ള സേവനങ്ങളിലൂടെയും ആഗോള തലത്തില്‍ ആദരിക്കപ്പെട്ട ആത്മീയ വ്യക്തിത്വമായിരുന്നു ശ്രില ഗോപാല്‍ കൃഷ്ണ ഗോസ്വാമി. ഭക്തി, ദയ, സേവനം എന്നിവയുടെ പ്രാധാന്യമാണ് അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ഊന്നിപ്പറഞ്ഞിരുന്നത്. ഇസ്കോണിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. പ്രത്യേകിച്ചും വിദ്യാഭ്യാസം, ആരോഗ്യം, പാവപ്പെട്ടവര്‍ക്കായുള്ള സേവനം എന്നിവ. ദുഃഖം നിറഞ്ഞ ഈ സമയത്ത് ഭക്തര്‍ക്കൊപ്പം നില്‍ക്കുകയാണ്. ഓം ശാന്തി… പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
ഇസ്കോണിന്റെ മുതിര്‍ന്ന സംന്യാസിമാരില്‍ ഒരാളും ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാനുമായിരുന്നു അദ്ദേഹം. 1944ല്‍ ന്യൂദല്‍ഹിയില്‍ ജനിച്ചു. ഫ്രാന്‍സിലും കാനഡയിലുമായിട്ടാണ് വിദ്യാഭ്യാസം. 1968ല്‍ കനഡയില്‍ വച്ച് ഇസ്കോണ്‍ സ്ഥാപകന്‍ ആചാര്യ ഭക്ത വേദാന്ത സ്വാമി പ്രഭുപാദയെ കണ്ടുമുട്ടി. തുടര്‍ന്നാണ് ഇസ്കോണിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: