അദൈ്വതാചാര്യനായ ശങ്കരാചാര്യര്‍ക്ക് ശേഷം ആത്മീയ സാധനയിലൂടെ അറിവിന്റെ കൊടുമുടി കയറിയ മഹാഗുരു ശ്രീ ചട്ടമ്പി സ്വാമികള്‍ സംന്യാസത്തിന് പുതിയ മാനം നല്കിയ പരമാചാര്യനാണ്. മനുഷ്യരെ മാത്രമല്ല, ജീവജാലങ്ങളെ മുഴുവന്‍ സ്നേഹിക്കണമെന്നും സേവിക്കണമെന്നും പറഞ്ഞ ജീവകാരുണികനായ സംന്യാസിയായിരുന്നു അദ്ദേഹം. തപസ്സ് കൊണ്ടും ജ്ഞാനം കൊണ്ടും സ്വാമികള്‍ നേടിയ അദൈ്വത സാക്ഷാത്കാരത്തിന്റെ പ്രായോഗിക പരിണാമമായിരുന്നു അഹിംസാവ്രതവും ജീവകാരുണ്യ പ്രവൃത്തികളും. മഹാഗുരു ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ 1853 ഓഗസ്ത് 25ന് തിരുവനന്തപുരം കണ്ണമൂലയില്‍ അവതരിച്ചു. 1924 മെയ് 5ന് കൊല്ലം ജില്ലയിലെ പന്മനയില് സമാധിയായി.
സ്വാമികളുടെ പ്രധാന അവതാര ലക്ഷ്യം അടിമത്വത്തില്‍ ആണ്ടുകിടന്ന കേരളസമൂഹത്തെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുക എന്നതായിരുന്നു. 1892 ല്‍ സ്വാമി വിവേകാനന്ദന് മഹാഗുരു ചട്ടമ്പിസ്വാമികളില്‍ നിന്ന് ചിന്മുദ്രയെക്കുറിച്ച് ഉപദേശം സ്വീകരിച്ചിരുന്നു. സ്വാമികളുടെ സമാധിയുടെ ശതാബ്ദി പന്മന ആശ്രമത്തില്‍ മഹാസമാധി വര്‍ഷം 2024 എന്ന പേരിലും, വള്ളിക്കുന്നത്തുള്ള വിദ്യാധിരാജപുരത്ത് വിദ്യാധിരാജ ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ സമാധി ശതാബ്ദി ആഘോഷം എന്ന പേരിലും നിരവധി ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
മഹാഗുരു ചട്ടമ്പിസ്വാമികളുടെ ശിഷ്യന്മാരില് പ്രമുഖനായിരുന്ന നീലകണ്ഠ തീര്‍ഥപാദ സ്വാമികളുടെ സമാധി സ്ഥിതിചെയ്യുന്ന കരുനാഗപ്പള്ളി പുതിയകാവിലെ നീലകണ്ഠ തീര്ഥപാദാശ്രമത്തിലും സമാധി ശതാബ്ദിയുടെ ഭാഗമായിട്ടുള്ള ചടങ്ങുകള്‍ നടക്കും. മഹാഗുരു ചട്ടമ്പിസ്വാമികള്‍ തന്നെ ശിഷ്യന്റെ സമാധിക്കുമേല്‍ പ്രതിഷ്ഠ നടത്തിയെന്ന പ്രത്യേകത കൂടി ആശ്രമത്തിനുണ്ട്.
കേരളത്തിന്റെ ആധ്യാത്മികവും സാംസ്കാരികവും സാമൂഹികവുമായ നിരവധി നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ കര്‍മഭൂമി പന്മന ആശ്രമമായിരുന്നു. ശ്രീനാരായണഗുരു രേഖപ്പെടുത്തിയിട്ടുള്ളതുപോലെ സര്‍വ്വജ്ഞനും ക്രാന്തദര്‍ശിയായ ഋഷിവര്യനും സദ്ഗുരുവും അഹിംസാമൂര്ത്തിയും ജീവകാരുണ്യവാനും നവോത്ഥാനത്തിന്റെ പരമാചാര്യനുമായ മഹാഗുരു വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ മഹാസമാധി കൊണ്ട് പരമപവിത്രമായി തീര്‍ന്നിട്ടുള്ള സ്ഥലമാണ് പന്മന ആശ്രമം. രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ പാദസ്പര്‍ശം കൊണ്ടും അനുഗ്രഹം കൊണ്ടും പന്മന ആശ്രമം ധന്യമാണ്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരേതിഹാസമായിരുന്ന കുമ്പളത്ത് ശങ്കുപിള്ളയുടെ കര്‍മം കൊണ്ടും ജനകീയമാണ് പന്മന ആശ്രമം.
കേരളത്തിലെ ആദ്യകാല ജനാധിപത്യ ഭരണത്തിന്റെ വാഴ്ച്ചയും വീഴ്ച്ചയും പന്മന ആശ്രമം കേന്ദ്രീകരിച്ചാണ് നടത്തിയിരുന്നത്. കേരളം ഉറ്റുനോക്കിയിരുന്ന തന്ത്രപ്രധാനമായ രാഷ്ട്രീയ കേന്ദ്രമായിരുന്നു ആശ്രമം. മഹാത്മഗാന്ധിയുടെ കാലത്ത് തന്നെ കേരളത്തിന് സ്വാതന്ത്യം ലഭിക്കുമെന്ന് ത്രികാല ജ്ഞാനിയായ മഹാഗുരു ചട്ടമ്പിസ്വാമികള്‍ പ്രവചനം നടത്തിയതും ഈ മണ്ണില്‍ തന്നെയാണ്. ജീവമുക്തനും നിര്‍മ്മലനും നിസ്സംഗനുമായിരുന്നിട്ടും സഹജീവികളുടെ ജീവിത ദുരിതങ്ങളും കര്‍മവിമുഖതയും കണ്ടുനില്ക്കാന് അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. താന്‍ കഠിനമായ തപസ്സുകൊണ്ട് നേടിയ ബ്രന്മസാക്ഷാത്കാരവും യോഗസിദ്ധികളും നിരന്തര പ്രയത്നത്താല്‍ നേടിയെടുത്ത എല്ലാത്തരം വൈജ്ഞാനിക സമ്പത്തും ജനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നും അത് ജനങ്ങളുടെ ഉയര്‍ച്ചയ്ക്കും ആത്മ വികാസത്തിനും ക്ഷേമത്തിനും ഉപകരിക്കണമെന്നും സ്വാമികള്‍ ആഗ്രഹിച്ചു.
സ്വാമികള്‍ തന്റെ അവസാന ഘട്ടങ്ങളില്‍ പന്മനയിലുള്ള കുമ്പളത്ത് വീട്ടില്‍ താമസിച്ചുകൊണ്ട് കുമ്പളത്തിനും മറ്റ് സന്ദര്‍ശകര്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കികൊണ്ടിരുന്നു. ഉപദേശങ്ങളെല്ലാം നവോത്ഥാന കര്‍മങ്ങളായി പരിവര്‍ത്തനപ്പെടുകയും, കേരളത്തിന്റെ പുരോഗതിക്ക് കാരണമാകുകയുമായിരുന്നു. അദൈ്വത ചിന്തയില്‍ എല്ലാ മനുഷ്യരും ഏകസത്തയാണ്. ഏകസത്തയില്‍ താണവരും ഉയര്ന്നവരുമില്ല. സര്‍വ്വത്ര സമത്വം. ഇതായിരുന്നു സ്വാമി ദര്‍ശനം.
അനാചാരവും അന്ധവിശ്വാസവും പരപീഡനവുമെല്ലാം ആത്മതത്ത്വം മനസ്സിലാക്കി മനുഷ്യര്‍ ഉപേക്ഷിക്കണമെന്നാണ് സ്വാമികള്‍ മാനവരാശിയെ ഉപദേശിച്ചത്. അങ്ങനെ സ്വജീവിതം കൊണ്ട് പരബ്രഹ്മമായി ഭവിച്ച മഹാഗുരു ചട്ടമ്പി സ്വാമികള്‍ എന്ന മഹായോഗീന്ദ്രന്, മഹാതപസ്വി, പന്മന ആശ്രമത്തിലെ ശ്രീബാല ഭട്ടാരക ക്ഷേത്രത്തില്‍ ബ്രഹ്മചൈതന്യമായി സര്‍വ്വരെയും അനുഗ്രഹിച്ചുകൊണ്ട് നിത്യസാന്നിധ്യം കൊള്ളുന്നു. ആ ചൈതന്യത്തില്‍ നിന്ന് പ്രാര്‍ഥിക്കുന്നത് തന്നെ ആത്മശാന്തിക്കും ആത്മനവീകരണത്തിനും ഉതകുന്നതാണ്.
പ്രാചീന മലയാളം, നിജാനന്ദവിലാസം, വേദാധികാരനിരൂപണം, ക്രിസ്തുമതഛേദനം, ദേവാര്‍ച്ചാ പദ്ധതിയുടെ ഉപോദ്ഘാതം, കേരളത്തിലെ ദേശനാമങ്ങള്‍, ഭാഷാപത്മപുരാണാഭിപ്രായം, ക്രിസ്തുമതസാരം, ജീവകാരുണ്യനിരൂപണം, അദൈ്വതചിന്താപദ്ധതി തുടങ്ങിയ സ്വാമിയുടെ കൃതികള്‍ കേരളത്തിലെ അന്നത്തെ സാമൂഹ്യപരിഷ്കരണത്തെ അതിയായി സ്വാധീനിച്ചിട്ടുണ്ട്. തീര്‍ഥപാദപരമഹംസന്‍, ശ്രീനീലകണ്ഠ തീര്‍ഥപാദര്‍, ശ്രീരാമാനന്ദതീര്ത്ഥപാദന്, ബോധേശ്വരന്‍, കുമ്പളത്ത് ശങ്കുപിള്ള തുടങ്ങിയവരാണ് ചട്ടമ്പിസ്വാമികളുടെ ശിഷ്യന്മാര്.
മഹാഗുരു ചട്ടമ്പിസ്വാമികള്‍ ഒരു മഹാവൈദ്യനും ആയുര്‍വേദാചാര്യനും കൂടിയായിരുന്നു. മനുഷ്യന് സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്ന് ശരീരങ്ങളുണ്ടെന്നും അവയ്ക്കെല്ലാം പ്രത്യേകം രോഗങ്ങളുമുണ്ടെന്നും സ്വാമികള്‍ വ്യക്തമാക്കിയിട്ടുണ്ട്. മലയാളം, സംസ്കൃതം, തമിഴ് എന്നീ ഭാഷകളിലുള്ള മിക്ക വൈദ്യഗ്രന്ഥങ്ങളും സ്വാമി ഹൃദിസ്ഥമാക്കി രോഗികളെ ജാതി, മതം നോക്കാതെ ചികിത്സിച്ചിരുന്നു. പൂര്‍വ്വാചാര്യന്മാരെ പോലെ പ്രകൃതിയുടെ സൂക്ഷ്മ തത്ത്വങ്ങളെ ആധാരമാക്കി പുതിയ ഔഷധങ്ങളെ നിര്‍ണയിക്കാനും സ്വാമികള്‍ക്ക് കഴിഞ്ഞിരുന്നു. സിദ്ധ, യുനാനി ശാഖയിലും സ്വാമികള്‍ക്ക് പ്രാവിണ്യമുണ്ടായിരുന്നു. മഹാവൈദ്യനായിരുന്ന വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ചൈതന്യമുള്ള പന്മന ആശ്രമത്തില്‍ ആയുര്‍വേദ ചികിത്സയ്ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സമാധിക്ക് മുമ്പുവരെ ആശ്രമത്തില ചികിത്സയ്ക്ക് നേതൃത്വം വഹിച്ചത് ഒറ്റപ്പാലം പാലിയില്‍ മഠത്തിലെ സ്വാമി നിര്‍മലാനന്ദഗിരി മഹാരാജായിരുന്നു.
പൊതുസേവനം ജീവിതമാക്കിയ ആത്മജ്ഞാനികളാണ് കേരളത്തെ നവോത്ഥാനത്തിന്റെ മാര്‍ഗത്തിലേക്ക് നയിച്ചത്. മഹാഗുരു ചട്ടമ്പിസ്വാമികള്‍ അവരില്‍ പരമപ്രധാനി ആയിരുന്നു. എല്ലാ വിദ്യകളും പഠിക്കുകയും, അത് മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്തുകൊണ്ടിരുന്ന മഹാപുരുഷന് ആയിരുന്നു മഹാഗുരു ചട്ടമ്പിസ്വാമികള്‍. വേദമെല്ലാവര്ക്കും പഠിക്കാന്‍ അധികാരമില്ലാതിരുന്ന കാലത്ത് അദ്ദേഹം തന്റെ നിരന്തരമായ പ്രയത്നത്തിലൂടെ വേദം പഠിക്കുകയും, വേദം മറ്റുള്ളവര്‍ കൂടി പഠിക്കാനുള്ള അവകാശം ഉണ്ടെന്ന് വേദാധികാരനിരൂപണം എന്ന പു
സ്തകത്തിലൂടെ സ്ഥാപിക്കുകയും ചെയ്തു. ആ കുത്തകയെ അദ്ദേഹം ഇല്ലാതാക്കുകയും ചെയ്തു. വേദത്തിന്റെ ഉപവേദമായ മന്ത്രശാസ്ത്രത്തെ നല്ല രീതിയില്‍ മനസ്സിലാക്കി ലോകത്തില്‍ പ്രയോഗിച്ച അനുഭവസമ്പന്നനായിരുന്നു മഹാഗുരു ചട്ടമ്പിസ്വാമികള്‍.
സംഗീതം, നൃത്തം, ചിത്രമെഴുത്ത് തുടങ്ങി സകല കലകളിലും നിപുണനായിരുന്നു മഹാഗുരു. പഠനവും ഗവേഷണവും അദ്ദേഹത്തിന് ഒരു നിരന്തര തപസ്യയായിരുന്നു. അദൈ്വത ദര്‍ശനത്തിന്റെ പിന്‍ബലത്തോടെ ജാതി വ്യവസ്ഥയുടെ അര്‍ത്ഥശൂന്യതയെ വ്യക്തമാക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതികളാണ് വേദാധികാരനിരൂപണവും മറ്റും. അവ മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ക്രൂരതകള്‍ക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കി. അന്നുണ്ടായിരുന്ന ചരിത്ര ഗ്രന്ഥങ്ങളിലെ പക്ഷപാതപരമായ സമീപനങ്ങളെ തുറന്നുകാട്ടി. ജാതി വ്യവസ്ഥയില്‍ ചവിട്ടിതാഴ്ത്തപ്പെട്ട വിഭാഗങ്ങള്‍ ഒരിക്കല്‍ സാംസ്കാരികവും സാമ്പത്തികവുമായ വികസനത്തില്‍ വഹിച്ച പങ്ക് വ്യക്തമാക്കി അവര്‍ക്ക് സ്വാഭിമാനമുണ്ടാക്കി മറ്റുള്ളവരോടൊപ്പം നില്‍ക്കാനുള്ള കരുത്ത് നല്‍കുന്നതാണ് സ്വാമിയുടെ കൃതികള്‍. മതത്തെയും ദര്‍ശനങ്ങളെയും കുറിച്ച്് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സാധാരണക്കാര്‍ക്ക് അവരുടെ ഭാഷയില്‍ ലളിതമായി വ്യക്തമായി അവ വിശദീകരിച്ചു കൊടുക്കുന്നു. ഇങ്ങനെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച്് സാധാരണക്കാര്‍ക്ക്് വേണ്ട വിജ്ഞാനം പകര്‍ന്നു നല്‍കാനും അവരുടെ അഭിപ്രായം രൂപപ്പെടുത്താനും സ്വാമികള്‍ തന്റെ കൃതികളും സുഹൃദ് ബന്ധങ്ങളും തന്ത്രപൂര്‍വ്വം ഉപയോഗപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: