തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയ്ക്കുമെതിരെ ഹർജി സമർപ്പിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ എച്ച്.എൽ യദു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അദ്ദേഹം ഹർജി സമർപ്പിച്ചത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കേസ് ഈ മാസം ആറിന് പരിഗണിക്കും.
മേയറും സംഘവും ബസ് തടഞ്ഞതിൽ ഡ്രൈവറുടെ പരാതിയിൽ ഇനിയും പോലീസ് കേസെടുത്തിട്ടില്ല. മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെ മാത്രമാണ് കേസെടുത്തത്. കേസെടുക്കാന്‍ പോലീസ് മടിക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവർ യദു മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. സീബ്രാ ലൈനിൽ കാറിട്ട് ബസ് തടഞ്ഞ് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നാണ് യദുവിന്റെ പരാതി. സച്ചിന് ദേവ് എംഎല്‍എ ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നും യദുവിന്റെ പരാതിയില്‍ പറയുന്നു.
തുടർന്ന്, പരാതിയിൽ പറയുന്ന കാര്യങ്ങളൊന്നും കണ്ടില്ലെന്ന കണ്ടക്ടർ സുബിന്റെ വാദത്തിനെതിരേ യദു രൂക്ഷമായി പ്രതികരിച്ചു. സംഭവം നടക്കുമ്പോൾ പിന്നിലെ സീറ്റിലായിരുന്നു എന്ന കണ്ടക്ടറുടെ മൊഴി പച്ചക്കള്ളമാണ്. എന്തിന് വേണ്ടിയാണ് കണ്ടക്ടർ അത്തരമൊരു മൊഴി പോലീസിന് നൽകിയതെന്ന് അറിയില്ലെന്നും യദു പ്രതികരിച്ചു. കണ്ടക്ടർ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ്. മുൻപിൽ തന്നെയായിരുന്നു അദ്ദേഹം ഇരുന്നത്. തന്റെ മുമ്പിൽ നിന്ന് തന്നെയാണ് എം.എൽ.എയെ സഖാവേ എന്ന് വിളിച്ച് എഴുന്നേറ്റ് സീറ്റ് നൽകിയത്. എന്നിട്ട് ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത് പിൻസീറ്റിലാണ് അദ്ദേഹം ഇരുന്നതെന്നാണ്.
മെമ്മറി കാര്‍ഡ് കാണാതായതിലും കണ്ടക്ടറെ സംശയമുണ്ട്. തന്റെ സഹപ്രവർത്തകനെ താനൊരിക്കലും കുറ്റം പറയില്ല. പാർട്ടിയിൽ നിന്നുള്ള സമ്മർദമാകാം കാരണം. ഇക്കാര്യം നിയമം തെളിയിക്കേണ്ടതാണെന്നും യദു ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: