തിരുവനന്തപുരം:മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന് ദേവ് എംഎല്‍എയുമായുള്ള തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ എച്ച്.എല്‍. യദുവിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. മേയര്‍ക്കെതിരായ യദുവിന്റെ പരാതിയില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.
തര്‍ക്കമുണ്ടായ ദിവസം ബസിലെ കണ്ടക്ടറായിരുന്ന സുബിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്നും സച്ചിന്‍ദേവ് ബസില്‍ കയറിയത് കണ്ടില്ലെന്നത് ഉള്‍പ്പെടെ കണ്ടക്ടര്‍ പൊലീസിനു നല്കിയ മൊഴി നുണയാണെന്നും യദു ആരോപിച്ചു.
പിന്‍സീറ്റിലാണ് ഇരുന്നതെന്നു പൊലീസിനോടു പറഞ്ഞതും പച്ചക്കള്ളമാണ്, കണ്ടക്ടര്‍ മുന്‍ സീറ്റിലാണ് ഇരുന്നത്. സച്ചിന് ദേവ് ബസില്‍ കയറിയപ്പോള്‍ എഴുന്നേറ്റ് സീറ്റ് നല്‍കിയത് കണ്ടക്ടറാണ്. എംഎല്‍എ വന്നപ്പോള്‍ സഖാവേ ഇരുന്നോളു എന്നു പറഞ്ഞു മുന്നിലെ സീറ്റ് മാറിക്കൊടുത്തെന്നും യദു ആരോപിച്ചു.
മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ കണ്ടക്ടറെ സംശയമുണ്ട്. കണ്ടക്ടറും എംഎല്‍എയും അടക്കം ഗൂഢാലോചന നടത്തിയോ എന്നും സംശയമുണ്ട്. തനിക്കെതിരായ ആരോപണങ്ങളില്‍ അഞ്ചുപേരെ എതിര്‍കക്ഷിയാക്കി ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും യദു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: