തലശ്ശേരി: ജീവിതത്തില്‍ താനറിയാതെ ആടിയ ദുരന്തപ്രണയ കഥയിലെ നായിക. തലശ്ശേരി പാലിശ്ശേരിയിലെ ഏകാകിയായ കോടീശ്വരി പ്രിയദര്‍ശിനി ടീച്ചര്‍ (88) എടച്ചേരി തണല്‍ വയോജനകേന്ദ്രത്തില്‍ അരങ്ങൊഴിഞ്ഞു.
വടകര എടച്ചേരിയിലെ തണല്‍ വയോജനകേന്ദ്രത്തില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. മൃതദേഹം സന്നദ്ധസംഘടനയായ തണല്‍ ഭാരവാഹികള്‍ ഉച്ചയോടെ പാലിശ്ശേരിയിലുള്ള തറവാട്ട് വീട്ടില്‍ എത്തിക്കുകയും അതിനുശേഷം കണ്ടിക്കല്‍ നിദ്രാ തീരം വാതക ശ്മശാനത്തില്‍ സംസ്കരിച്ചു.
ഒരു കാലത്ത് ദിവസവും തലശ്ശേരി ടൗണിലും റെയില്‍വെ സ്റ്റേഷനിലും പ്രത്യക്ഷപ്പെടുന്ന ഒരു ഭ്രാന്തിയായ സ്ത്രീ എന്ന് കരുതിയിരുന്ന പ്രിയദര്‍ശിനി ടീച്ചര്‍. എന്നും ലിപ്സ്റ്റിക്കും മോഡേണ്‍ ഡ്രസും അണിഞ്ഞ് നടന്നിരുന്ന അവര്‍ ഓര്‍മ്മയായിരിക്കുന്നു. ഇനിയും ക്ലൈമാക്സിലെത്താതെ പോയ സിനിമാകഥ പോലെ…. അറിയപ്പെടുന്നത് കഥയാണോ യാഥാര്‍ത്ഥ്യമോ എന്നറിയാതെ തിരശ്ശീലയ്ക്ക് മറയുകയാണ്.
തലശ്ശേരി നഗരത്തിലെ കണ്ണായ ഭാഗത്ത് ഡിവൈഎസ്പി ഓഫീസിന്റെ എതിര്‍വശം നാല് കോടിയിലധികം വിലമതിക്കുന്ന വീടുള്‍പ്പെടെയുള്ള വസ്തു വകകളുടെ ഉടമ. എങ്ങനെ ഇങ്ങനെയായി. ഇവിടുന്നാണ് കഥകളുടെ പിറവി തുടങ്ങുന്നത്. വൈകുന്നേരങ്ങളില്‍ ടീച്ചര്‍ ലിപ്സ്റ്റികും പുരട്ടി മേയ്ക്കപ്പ് ചെയ്ത് വാനിറ്റി ബാഗും തൂക്കി റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്നത് നിത്യ കാഴ്ചയായിരുന്നു. അതിനുത്തരമായി കേട്ട കഥകള്‍ ഒരു ദുരന്തപ്രണയത്തിന്റെ ഒറ്റവരി മാത്രമായിരുന്നു.
ലോക്കോപൈലറ്റായ കാമുകന്റെ മരണം ഉലച്ച ജീവിതം, ഓര്‍മ്മകളില്‍ മരിക്കാത്ത സ്നേഹിതനെ ഓര്‍ത്ത് ഇന്നും അണിഞ്ഞൊരുങ്ങി കാത്തിരിക്കുന്നവള്‍… എന്നിങ്ങനെ
സ്കൂളില്‍ പഠിപ്പിച്ചിരുന്ന സമയം ഒരു ലോക്കോ പൈലറ്റിനെ ടീച്ചര്‍ സ്നേഹിച്ചിരുന്നത്രെ. മംഗലാപുരം-ചെന്നൈ റൂട്ടിലായിരുന്നു പ്രിയദര്‍ശിനി ടീച്ചരുടെ പ്രണയിതാവ് ജോലി ചെയ്തിരുന്നത്. തലശ്ശേരി റെയില്‍വെസ്റ്റേഷനിലായിരുന്നു എന്നും ഇവര്‍ കണ്ടുമുട്ടിയിരുന്നത്. ഒരു നാള് ടീച്ചറുടെ നായകന് അപകടത്തില്‍ മരിച്ചു എന്ന വിവരം പത്രത്തിലൂടെ അറിഞ്ഞ അവരുടെ മനോനില തെറ്റി. ഏറെ ചികിത്സിച്ചിട്ടും അസുഖം ഭേദമായില്ല.. പിന്നീടെല്ലാ ദിവസവും ഒരു ഭ്രാന്തിയെ പോലെ സ്വന്തം ശൈലിയില്‍ അണിഞ്ഞൊരുങ്ങി റെയില്‍വെ സ്റ്റേഷനില്‍ സുഹൃത്തിനെ കണ്ടു മുട്ടാറുള്ള സ്ഥലത്ത് എത്തും… കുറേ നേരെ കാത്തുനിന്നശേഷം കാമുകനെ കാണാതെ നിരാശയോടെ തിരികെ വീട്ടിലെത്തും.
ഇനി ആ കഥ കഴിഞ്ഞു…. നായികയും വിടവാങ്ങി….
തലശ്ശേരിയില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന ടീച്ചറെ വീണ്ടും ജീവിത വെളിച്ചത്തിലേക്ക് നയിച്ചത് പൊതുപ്രവര്‍ത്തകനും തലശ്ശേരിയിലെ അത്താഴക്കുട്ടത്തിന്റെ സാരഥിയുമായ ശംരീസ് ബക്കറിന്റെ ഇടപെടലായിരുന്നു. ടീച്ചറെ വടകര എടച്ചേരിയിലെ തണല്‍ വയോജന കേന്ദ്രത്തില്‍ എത്തിക്കുകയും അവിടത്തെ സഹവാസത്തിലും പരിചരണത്തിലും സാധാരണ ജീവിതത്തിലേക്ക് അവര്‍ തിരിച്ചു വന്നിരുന്നു. ഇതിനിടയിലാണ് മരണം രംഗബോധമില്ലാതെ കടന്നുവന്നത്.
പ്രിയദര്‍ശിനി ടീച്ചറുടെ അന്ത്യയാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തിയതും ശംരീസ് ബക്കറിന്റെ നേതൃത്വത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: