തൊടുപുഴ: സംസ്ഥാനത്തെ ചുട്ടുപൊള്ളിച്ച് പകല്‍, രാത്രികളിലെ താപനില. ഉഷ്ണ തരംഗത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും തൃശ്ശൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തേ രണ്ട് ജില്ലകളിലായിരുന്നു ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ടായിരുന്നത്. ഇത് ആലപ്പുഴ, കോഴിക്കോട് ജില്ലകളിലേക്ക് കൂടി എത്തുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായി രാത്രിയില്‍ ഒരു ജില്ലയില്‍ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആലപ്പുഴയിലാണ് ഈ മുന്നറിയിപ്പ്.
പകല്‍ ശരാശരി താപനില 36 മുതല്‍ 40 ഡിഗ്രിക്ക് മുകളിലെത്തുമ്പോള്‍ രാത്രിയില്‍ 26 മുതല്‍ 30 ഡിഗ്രി വരെയാണ്. അഞ്ചു ദിവസമായി പാലക്കാട് ഉഷ്ണ തരംഗം തുടരുകയാണ്. 41 ഡിഗ്രിക്ക് മുകളിലാണ് ഇവിടത്തെ ശരാശരി താപനില.
താപനില കുതിച്ചുയര്ന്നോടെ നഗര, ഗ്രാമ മേഖലകളിലെല്ലാം ജന ജീവിതം ദുസ്സഹമായി. മലയോര മേഖലകളിലും മൂന്നാര്‍, വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലുമെല്ലാം താപനില ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ശരാശരി മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ താപനില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
പസഫിക് സമുദ്രത്തിലെ എല്‍ നിനോ ആയിരുന്നു ഇതുവരെയുള്ള താപനില മാറ്റത്തിന് കാരണം. എന്നാല്‍ ഇത് ന്യൂട്രലായെങ്കിലും പ്രകടമായ മാറ്റം താപനിലയില്‍ കണ്ടു തുടങ്ങിയിട്ടില്ല. ഇതിന് ഇനിയും സമയമെടുക്കുമെന്നാണ് വിലയിരുത്തല്‍. ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും ചൂടുപിടിച്ച് കിടക്കുന്നതും താപനില ഉയരാന്‍ മുഖ്യകാരണമാണ്.
കേരള തീരത്തോട് ചേര്‍ന്നുള്ള അറബിക്കടലിന്റെ മേഖലകളില്‍ വലിയ തോതിലുള്ള താപനില വര്‍ധനയുണ്ടായിട്ടുണ്ട്. ഇതാണ് കേരളത്തില്‍ ഇടവിട്ട് മഴ ലഭിച്ചിട്ടും താപനി
ല കുറയാതിരിക്കാനുള്ള പ്രധാന കാരണം. അതേ സമയം എന്ന് താപനില കുറയുമെന്നതിന് ഔദ്യോഗിക മറുപടിയില്ല.
കാലവര്‍ഷം കൃത്യസമയത്തെത്തി മികച്ച മഴ ലഭിച്ചില്ലെങ്കില്‍ ഈ താപനില ഇനിയും മാസങ്ങളോളം മലയാളി സഹിക്കേണ്ടി വരും. നിലവില്‍ ഇടുക്കി, വയനാട് ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളിലും ഉയര്‍ന്ന താപനിലയുടെ ഭാഗമായുള്ള മുന്നറിയിപ്പും തുടരുകയാണ്.
പാലക്കാട് 41 ഡിഗ്രിയും തൃശ്ശൂരില്‍ 40 ഡിഗ്രി വരെയും താപനില രേഖപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 39 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം സംസ്ഥാനത്ത് രണ്ടു ദിവസമായി വേനല്‍ മഴ തുടരുകയാണ്. ശക്തമായ ഇടിയോടു കൂടിയ വേനല്‍മഴയാണ് തെക്കന്‍ കേരളത്തിലെ ചിലയിടങ്ങളില്‍ ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: