ന്യൂദല്‍ഹി: ആപ്പുമായുള്ള സഖ്യത്തെ ദല്‍ഹി സംസ്ഥാന കമ്മിറ്റി എതിര്‍ത്തിട്ടും ദേശീയ നേതൃത്വം മുന്നോട്ടുപോകുകയായിരുന്നുവെന്ന് ആവര്‍ത്തിച്ച് രാജിവച്ച ഡിപിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ്ലി.
രാജിക്കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ പിന്നോട്ടില്ലെന്നും പാര്‍ട്ടിക്ക് തന്നെ വേണമെങ്കില്‍, ഒരു സാധാരണ പ്രവര്‍ത്തകനായി തുടരാമെന്നും അദ്ദേഹം ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അന്തസ് കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ്, കുറഞ്ഞത് അനൗപചാരികമായെങ്കിലും, പിസിസിയെ അറിയിച്ചിരിക്കണം, പക്ഷേ അത് ചെയ്തില്ല. പിസിസി പ്രസിഡന്റ് എന്ന നിലയില്‍ ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആപ്- കോണ്‍ഗ്രസ് സഖ്യത്തില്‍ ലവ്ലിക്ക് നിര്‍ണായക പങ്കുണ്ടെന്ന ആപ് നേതാവ് സഞ്ജയ് സിങ്ങിന്റെ പ്രസ്താവനയ്ക്കെതിരെയും അദ്ദേഹം രംഗത്തെത്തി. ജയിലില്‍ നിന്ന് പുറത്തുവന്നതിനുശേഷം സഞ്ജയ്സിങ്ങിന് സാധാരണ നിലയിലേക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു ലവ്ലിയുടെ പ്രതികരണം. സഞ്ജയ് സിങ് നല്ല വ്യക്തിയാണ് എന്നാല്‍ അദ്ദേഹം ആഘാതത്തിലാണെന്ന് തോന്നുന്നുവെന്നും ലവ്ലി പറഞ്ഞു.
ലവ്ലിയുടെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്ത്തല്ലിയതുള്പ്പെടെയുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ് ദേശീയനേതൃത്വം അതൃപ്തരാണ്. എന്നാല്‍ പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണുമെന്ന കാര്യത്തില്‍ തീരുമാനത്തില്‍ എത്താനായിട്ടില്ല. ആപുമായുള്ള സഖ്യത്തില്‍ പ്രതിഷേധിച്ച് വിട്ടു നില്‍ക്കുകയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍. ഇതിനുപിന്നാലെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളോടുള്ള എതിര്‍പ്പ് പരസ്യമായി അറിയിച്ച് സംസ്ഥാന അധ്യക്ഷന്‍ തന്നെ രാജിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: