കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ ഐ സി യു പീഡനക്കേസിലെ അതിജീവിത സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം പുനരാരംഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടും ഡോ. കെ വി പ്രീതിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാത്തതിനെ തുടര്‍ന്നാണ് വീണ്ടും സമരം തുടങ്ങിയത്.
കോടതിയിലുള്ള കേസ് ആയതിനാല്‍ റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്നാണ് ഐ ജി കെ. സേതുരാമന് വെളിപ്പെടുത്തിയത്.വിചാരണ നടക്കുന്ന കേസിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് നല്കുന്നതില് സാങ്കേതിക തടസങ്ങളുണ്ടെന്നാണ് വിശദീകരണം.എന്നാല്‍ ഐജിയെ മെഡിക്കല്‍ കോളേജ് എസിപി അടക്കമുള്ള കീഴ്ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച അതിജീവിത സമരം തുടരുമെന്ന് അറിയിച്ചു.
ഐസിയുവില്‍ വച്ച് പീഡനത്തിനിരയായ സംഭവത്തില്‍ തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നുള്പ്പെടെ ഡോ. കെ വി പ്രീതയ്ക്കെതിരെ താന്‍ നല്കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ സമരം നടത്തിയ അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ 23 സമരം അവസാനിപ്പിച്ചിരുന്നു.അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരമേഖല ഐജിയ്ക്ക് നിര്‍ദേശം നല്‍കിയതിന് തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയ ഗൈനക്കോളജിസ്റ്റ് ഡോ.കെ വി പ്രീതി പ്രതികള്‍ക്കനുകൂലമായി റിപ്പോര്‍ട്ടെഴുതിയെന്നായിരുന്നു അതിജീവിതയുടെ പരാതി.ഇത് അന്വേഷിച്ച മെഡിക്കല്‍ കോളേജ് എസിപി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്കി.ഡോ കെ വി പ്രീതി മൊഴിയെടുത്തതില്‍ വീഴ്ചയുണ്ടായില്ലെന്ന ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷണനെ സമീപിച്ചിട്ടും നടപടിയുണ്ടാവാതിരുന്ന പശ്ചാത്തലത്തിലാണ് അതിജീവിത കഴിഞ്ഞ 18 ന് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സമരമാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: