തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്.ടി.സി ബസിലെ ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ മേയറെ പ്രതിരോധത്തിലാക്കി സിസിടിവി ദൃശ്യങ്ങള്‍. കാര്‍ പാളയം സാഫല്യം കോപ്ലക്സിന് മുന്നിലായി ബസിന് കുറുകെ ഇട്ട് വാഹനം തടഞ്ഞുവെന്ന് സിസിടിവിയില്‍ വ്യക്തമാണ്. ബസിന്റെ ഇടതുവശത്തു കൂടി കാർ ഓവര്‍ ടേക്ക് ചെയ്ത് സീബ്ര ക്രോസിങ്ങില്‍ കൂടി ബസിന് കുറുകെ നിര്‍ത്തുകയായിരുന്നു. ഇത് പരസ്യമായ ഗതാഗത നിയമലംഘനമാണ്. സംഭവം നടക്കുമ്പോള്‍ റെഡ് സിഗ്നലാണെന്ന വാദത്തിനും ബലമില്ല. കാരണം വാഹനം തടഞ്ഞിട്ട സമയത്ത് മറ്റ് വാഹനങ്ങള്‍ കടന്നുപോകുന്നതും സിസിടിവിയില്‍ വ്യക്തമാണ്.
ഡ്രൈവറുടെ ഭാഗത്തുനിന്ന് തെറ്റായ പ്രവൃത്തിയുണ്ടായെങ്കില്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളില്‍കൂടി ഉചിതമായ നടപടി എടുക്കാമെന്നിരിക്കെ നടുറോഡില്‍ വാഹനം തടഞ്ഞുനിര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികളില്‍ വിമര്‍ശനം ഉയരുകയാണ്. മേയറുടെയും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യുടെയും ഭാഗത്തുനിന്നുണ്ടായ ഇടപെടല്‍ അനുചിതമാണെന്നാണ് വിലയിരുത്തല്‍.
മേയറും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന കാറോടിച്ചയാള്‍ ഗതാഗത നിയമം ലംഘിച്ചുവെന്ന് വ്യക്തമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഡ്രൈവര്‍ക്കെതിരായ ആരോപണങ്ങള്‍ മേയര്‍ കടുപ്പിച്ചത്. പ്ലാമൂട് – പിഎംജി റോഡിൽ ബസും കാറും സമാന്തരമായി വരുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് മേയർക്കെതിരെയുള്ള പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെഎസ്ആർടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: