മുംബൈ: ഇന്ത്യയിലെ ഇടത്തരക്കാരുടെ വാങ്ങല്‍ ശേഷി കൂടുകയാണെന്ന് ധനകാര്യ ഉപദേശ, ധനകാര്യ ഓഡിറ്റിംഗ് സ്ഥാപനമായ ഡിലോയിറ്റ് ഇന്ത്യ. ഇതിന് പുറമെ വിദേശ നിക്ഷേപവും മികച്ച കയറ്റുമതിയും ചേരുമ്പോള്‍ ഭാരതത്തിന്റെ 2024-25ലെ സാമ്പത്തിക വളര്‍ച്ച 6.6 ശതമാനം കൈവരിക്കുമെന്നും ഡിലോയിറ്റ് ഇന്ത്യ പ്രവചിക്കുന്നു. യുകെ ആസ്ഥാനമായ ഡിലോയിറ്റിന്റെ ഇന്ത്യന്‍ സ്ഥാപനമാണ് ഡിലോയിറ്റ് ഇന്ത്യ.
ഇന്ത്യ ഔട്ട് ലുക്ക് റിപ്പോര്‍ട്ടിലാണ് ഡിലോയിറ്റ് ഇന്ത്യയുടെ ഇന്ത്യയെക്കുറിച്ചുള്ള പ്രതീക്ഷ നിറഞ്ഞ വിലയിരുത്തലുകള്‍. മികച്ച വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇടത്തരക്കാരുടെ വാങ്ങല്‍ശേഷി കൂടുന്നതോടെ ആഡംബര ഉല്പന്നങ്ങള്ക്ക് വരെ നല്ല ഡിമാന്റുണ്ടാകുമെന്നും ഡിലോയിറ്റ് വിലയിരുത്തുന്നു. ആപ്പിള്‍ ഐ ഫോണ്‍ പോലുള്ള വിലകൂടിയ ഫോണുകള്‍ക്ക് വരെ ഇന്ത്യയില്‍ മികച്ച ഡിമാന്റാണ്. 70 ലക്ഷം മുതല്‍ കോടികള്‍ വിലമതിക്കുന്ന ടെസ് ല കാര്‍ ഇലോണ്‍ മസ്ക് ഇന്ത്യയില്‍ എത്തിക്കുന്നതും ഈ പ്രതീക്ഷയിലാണ്.
ഇടത്തരം മുതല്‍ ഉയര്‍ന്ന വരുമാനം വരെ നേടുന്നവരുടെ വിഭാഗത്തില്‍പ്പെട്ടവര്‍ ഇപ്പോള്‍ ഇന്ത്യയില്‍ നാലില്‍ ഒന്നു പേരാണ്. 2030-31ല്‍ ഇക്കൂട്ടര്‍ രണ്ടില്‍ ഒരാളായി ഉയരും. 2023-24ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.8 ശതമാനം വരെ ആകുമെന്ന് ഡിലോയിറ്റ് പ്രവചിച്ചിരുന്നു. പിന്നീട് അത് 6.9 മുതല്‍ 7.2 വരെ ശതമാനമാക്കി പുനരവലോകനം ചെയ്തിരുന്നു.
നിക്ഷേപ, ഉപഭോഗ മേഖലകളില്‍ വലിയ ആശങ്കകള്‍ നിലനില്‍ക്കുന്ന കാലഘട്ടമാണ് നടപ്പുസാമ്പത്തിക വര്‍ഷം. എങ്കില്‍പ്പോലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2024-25ല്‍ 6.6 ശതമാനമായി തുടരുമെന്ന ശോഭനമായ നിരീക്ഷണമാണ് ഡിലോയിറ്റ് ഇന്ത്യ നടത്തുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് കുറയ്ക്കുമെന്നതിനാലും ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയതിലാനും 2025ല്‍ സമ്പദ്ഘടന വന്‍തോതില്‍ തിരിച്ചുവരവ് നടത്തുമെന്നും ഡിലോയിറ്റ് ഇന്ത്യ പ്രവചിക്കുന്നു. മാത്രമല്ല ഇന്ത്യയുടെ കയറ്റുമതി വര്‍ധിക്കുമെന്നും വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് കൂടുമെന്നും ഡിലോയിറ്റ് ഇന്ത്യയുടെ സാമ്പത്തിക വിദഗ്ധ രുംകി മജുംദാര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തെ ശക്തമായ സാമ്പത്തിക വളര്‍ച്ച ഇന്ത്യയെ കോവിഡിന് മുന്‍പുള്ള സ്ഥിതിയിലേക്ക് എത്തിച്ചു. ഇതിന് പിന്നില്‍ സര്‍ക്കാര്‍ വന്‍തോതില്‍ അടിസ്ഥാനസൗകര്യവികസനമേഖലയില്‍ ഉള്‍പ്പെടെ നടത്തിയ നിക്ഷേപം സഹായകരമായി. ഇത് ഇന്ത്യയുടെ തിരിച്ചുവരവിന് സഹായകമായെന്നും രുംകി മജുംദാര്‍ പറയുന്നു.
അതേ സമയം നാണ്യപ്പെരുപ്പവും പശ്ചിമേഷ്യന്‍ സംഘര്‍ഷം, റഷ്യ-ഉക്രൈന് സംഘര്‍ഷം ഉള്‍പ്പെടെയുള്ള ഭൗമ സംഘര്ഷസാഹചര്യവും എണ്ണവിലക്കയറ്റവും ഭക്ഷ്യവിലക്കയറ്റവും സൃഷ്ടിച്ചേക്കാമെന്ന് ആശങ്ക നിലനില്ക്കുന്നു. പക്ഷെ മെച്ചപ്പെട്ട മണ്‍സൂണ്‍ കാലം ഇന്ത്യയുടെ കാര്‍ഷിക വിള മെച്ചപ്പെടുത്തുമെന്നും അത് ഭക്ഷ്യവിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ പര്യാപ്തമാകുമെന്നും ഡിലോയിറ്റ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നു.
റിസര്‍വ്വ് ബാങ്ക് പറയുന്നത് ഇന്ത്യയുടെ നാണ്യപ്പെരുപ്പം ആറ് ശതമാനം വരെ ആകാമെന്നാണ്. ഇന്ത്യയുടെ സാമ്പത്തിക ഇടപാടുകള്‍ ശക്തമായതിനാല്‍ ഈ നാണ്യപ്പെരുപ്പം അനുവദനീയമായ പരിധിക്കുള്ളില്‍ തുടരുമെന്നും ഡിലോയിറ്റ് ഇന്ത്യ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: