ടെഹ്റാന്: ഇറാന് തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ വിട്ടയയ്ക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം നല്കി ഇറാന്റെ വിദേശകാര്യമന്ത്രാലയം. എം.എസ്.സി. ഏരീസ് എന്ന ചരക്കുകപ്പലാണ് ഇറാന് തട്ടിയെടുത്തത്. തടവിലുള്ളവര്‍ക്ക് കോണ്‍സുലര്‍ ആക്സസ് നല്‍കുമെന്നും എല്ലാവരേയും വൈകാതെ വിട്ടയയ്ക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചതായി ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ഈ മാസം 13-നാണ് ചരക്കുകപ്പല്‍ ഇറാന് പിടിച്ചെടുത്തത്. മലയാളികളടക്കം 17 ഇന്ത്യക്കാരും, റഷ്യ, പാക്കിസ്ഥാന്, ഫിലിപ്പൈന്‍സ്, എസ്തോണിയ എന്നീ രാജ്യങ്ങളിലെ ജീവനക്കാരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. സംഘത്തിലെ ഏക വനിതയായിരുന്ന ഡെക് കേഡറ്റായ തൃശ്ശൂര്‍ സ്വദേശി ആന്‍ ടെസ ജോസഫിനെ വിട്ടയച്ചിരുന്നു.
ഇസ്രയേലുമായി ബന്ധമുള്ള യു.കെ. ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോഡിയാക് മാരി ടൈമിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. മനുഷ്യത്വപരമായ നടപടി എന്ന നിലയ്ക്കാണ് കപ്പല്‍ വിട്ടയയ്ക്കുന്നതെന്ന് ഇറാന് വിദേശമന്ത്രി അമീര്‍ അബ്ദുള്‍ അയാന് പറഞ്ഞു. യു.എ.ഇയിലെ ഫുജൈറയിൽനിന്ന് 50 നോട്ടിക്കൽ മൈൽ (92 കിലോമീറ്റർ) അകലെ ശനിയാഴ്ച രാവിലെയാണ് കപ്പൽ ഇറാൻ റവലൂഷനറി ഗാർഡ്സിലെ നാവിക സേനാംഗങ്ങൾ നിയന്ത്രണത്തിലാക്കിയത്.
റഷ്യൻ നിർമിത എം.ഐ-17 ഹെലികോപ്ടറിൽ കപ്പലിലിറങ്ങിയ സംഘം നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. സിറിയയിലെ ഇറാൻ കോൺസുലേറ്റ് ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ച് നാളുകൾക്കിടെയുള്ള പുതിയ നീക്കം മേഖലയെ കൂടുതൽ ആശങ്കയിലാക്കി.
കപ്പല്‍ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് നേരത്തേതന്നെ തങ്ങള്‍ വിവിധ അംബാസിഡര്‍മാരുമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്ന് അബ്ദുള്‍ അയാന് പറഞ്ഞു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: