കണ്ണൂരിലെ ജയരാജ വിശേഷം പണ്ടേ പ്രശസ്തമാണ്. വെടികൊണ്ട ജയരാജന്, വെട്ടുകൊണ്ട ജയരാജന്, വെറിപിടിച്ച ജയരാജന്. ഇവരോരോരുത്തരും അവനവന്റെ കൃത്യം കൊണ്ട് പ്രശസ്തരും പ്രഗത്ഭരുമാണ്. ഒരു ജയരാജന് ഇപ്പോള്‍ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയാണ്. പേരിനെ അന്വര്‍ഥമാക്കുന്ന മത്സരത്തിനിറങ്ങിയ ജയരാജനെ വെറിപിടിച്ചയാളെന്ന് പറയാം. മറ്റൊരാള്‍ വെട്ടുകൊണ്ടതാണ്. അക്രമരാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനാണത്. അങ്ങനെയാണ് വെട്ടുകൊള്ളേണ്ടിവന്നത്. പിന്നൊരു ജയരാജന് വെടികൊണ്ടത് സത്യമാണ്. വെടിയുണ്ടയും കഴുത്തില്‍ പേറി നടക്കേണ്ടിവന്ന ജയരാജനാണ് കഥയിലെ നായകന്.
ജയരാജന്റെ പ്രകൃതം എല്ലാവര്ക്കും അറിയാമല്ലോ, എല്ലാവരുമായും സുഹൃദ്ബന്ധം വെക്കുന്നയാളാണ് ജയരാജന്. പാപിയുടെ കൂടെ ശിവന് കൂടിയാല്‍ ശിവനും പാപിയാകും എന്ന പഴഞ്ചൊല്ല് പോലെ കൂട്ടുകെട്ടില്‍ എപ്പോഴും ശ്രദ്ധിക്കണം. ജയരാജന് ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്ന് നേരത്തെ തന്നെയുള്ള ഒരു അനുഭവമാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ സാന്റിയാഗോ മാര്‍ട്ടിന്റെ കഥയാണ് ഓര്മ വരിക. ജയരാജന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടു എന്ന വാര്‍ത്തയുണ്ടായിരുന്നു. അതിനെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നതിങ്ങനെ:
‘ജാവദേക്കറെ കാണുന്നതില്‍ എന്താ തെറ്റ്? തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ഘട്ടത്തില്‍ തന്നെ ജാവദേക്കറോട് ഞാന്‍ പറഞ്ഞു, നിങ്ങള്‍ പരമാവധി ശ്രമം നടത്തുകയാണല്ലേ, നമുക്ക് കാണാം എന്ന്. പരസ്യമായി പറഞ്ഞ കാര്യമാണിത്. അത്തരത്തിലുള്ള ആളുകളെ കാണുന്നതിലോ സംസാരിക്കുന്നതിലോ പിശകുണ്ട് എന്ന് കരുതുന്നില്ല. അതേസമയം ദല്ലാള്‍ നന്ദകുമാറിന് ഏതെല്ലാം തരത്തില്‍ ബന്ധങ്ങളുണ്ട് എന്നത് എനിക്ക് നന്നായി അറിയാവുന്നതാണ്. ഇത്തരം ആളുകളൊക്കെ എന്തെങ്കിലും ശ്രമം നടത്തിയിട്ടും എന്തെങ്കിലും ഫലം കിട്ടിയോ? അതിന് ഫൈനാന്‍സ് ചെയ്യാന്‍ ഒരു കൂട്ടര് ഇവിടെയുണ്ട്’ മുഖ്യമന്ത്രി പറഞ്ഞു
ഇ.പി. ജയരാജന് സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമാണ്. പതിറ്റാണ്ടുകളായ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഏതൊരു കമ്യൂണിസ്റ്റുകാരനെയും പോലെ വലിയ തോതിലുള്ള പരീക്ഷണ ഘട്ടങ്ങള്‍ കടന്നുവന്നതാണ്. അദ്ദേഹത്തെ ലക്ഷ്യംവെച്ച് നടത്തിയ ഈ ആക്രമണം സിപിഎമ്മിനെതിരെയും എല്‍ഡിഎഫിനെതിരെയും ഉന്നംവെച്ചുകൊണ്ടുള്ളതാണ് എന്ന് നാം കാണണം. മുഖ്യമന്ത്രി പറയുന്നതങ്ങിനെയാണ്.
ഇ.പി. ജയരാജന് കോണ്‍ഗ്രസിന്റെ മാത്രമല്ല, സിപിഎമ്മിന്റെ കൂടി നോട്ടപ്പുള്ളിയായിട്ട് കാലം കുറച്ചായി. ദേശാഭിമാനി ജനറല്‍ മാനേജറായപ്പോള് തുടങ്ങിയതാണത്. സാന്റിയാഗോ മാര്‍ട്ടിനില്‍ നന്ന് ദേശാഭിമാനിക്കുവേണ്ടി രണ്ടുകോടി രൂപ വാങ്ങിയത് പരസ്യമായപ്പോള്‍ തുടങ്ങിയതാണ് ആ വിവാദം. പിന്നീട് പാര്‍ട്ടി മട്ടന്നൂരില്‍ സീറ്റുകൊടുത്ത് ജയിച്ച് മന്ത്രിയാക്കിയപ്പോഴും ആക്ഷേപം പിന്തുടര്ന്നു. പാപി ചെന്നേടം പാതാളം എന്ന മട്ടിലായി അത്. ജയരാജനോടൊപ്പം ആക്ഷേപവും പിന്തുടര്ന്നു. ഏറ്റവും ഒടുവിലത്തേതാണ് ശോഭാസുരേന്ദ്രനും നന്ദകുമാറും പറഞ്ഞ കാര്യങ്ങള്‍. അതിനുമുമ്പാണ് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കാന്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറിയ യൂത്ത് കോണ്‍ഗ്രസുകാരെ തള്ളിയിട്ട സംഭവം.
അതോടെ ഇന്‍ഡിഗോ വിമാനയാത്ര ഉപേക്ഷിക്കുന്നതായി ജയരാജന് പ്രഖ്യാപിച്ചു. ഒടുക്കം ഇന്‍ഡിയോ ഖേദപ്രകടനം നടത്തിയെന്ന് ജയരാജന് പ്രസ്താവിച്ചെങ്കിലും പ്രശ്നം തീര്‍ന്നതായി അറിയില്ല. മൂന്നുതവണ ജയരാജനെതിരെ അക്രമമുണ്ടായി എന്നാണ് അദ്ദേഹം പറയുന്നത്. ബോംബേറുണ്ടായതായി പറയുന്നതല്ലാതെ അതുകൊണ്ടെന്തെങ്കിലും കഷ്ടനഷ്ടങ്ങളുണ്ടായി എന്നാരും പറയുന്നില്ല. ജയരാജന് പോലും. അതേസമയം പ്രകാശ് ജാവദേക്കറുമായി കണ്ടുസംസാരിച്ചു എന്ന് ജയരാജന് സ്ഥിരീകരിക്കുകയും ചെയ്തു. സംസ്ഥാന പാര്‍ട്ടിയുടെ അറിവോടെയും സമ്മതത്തോടെയുമാണ് ചര്‍ച്ച നടന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് സ്ഥിരീകരിച്ചിട്ടുമുണ്ട്.
ജയരാജന് മാത്രമല്ല, മറ്റ് പല നേതാക്കളും ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ അക്കാര്യങ്ങള്‍ പുറത്തുവരുമെന്നാശിക്കാം. അതിലൊരാളായിരുന്നു ഇടുക്കി ജില്ലയില്‍ നിന്ന് നേരത്തെ നിയമസഭാംഗമായിരുന്ന രാജേന്ദ്രന്. അദ്ദേഹം ദല്ഹിവരെയെത്തി പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയകാര്യം പുറത്തുവന്നുകഴിഞ്ഞു. പതിനെട്ടടവും പയറ്റി സിപിഎം പാര്‍ട്ടിയില്‍ തന്നെ ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്. സിപിഎമ്മിന്റെ കാതലായ നേതാക്കള്‍ പലരും നേരത്തെ ജനസംഘവും ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ തന്നെ താക്കോല്‍ സ്ഥാനത്തുണ്ടായിരുന്ന വിഷ്ണുഭാരതിയനാണ് അതില്‍ മുന്‍ഗാമി. തുടര്‍ന്നിങ്ങോട്ട് ദേശാഭിമാനിയുടെ പത്രാധിപരായിരുന്ന ഇന്ദുചൂഡന് അടക്കം നിരവധി നേതാക്കളും പ്രവര്‍ത്തകരും ജനസംഘത്തിലും ബിജെപിയിലുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതാണ് ചരിത്രം. ബിജെപിയില്‍ ചേര്‍ന്ന പ്രവര്‍ത്തകരില്‍ കൂടുതലും സിപിഎമ്മുകാര്‍. അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ജയരാജന്റെ ആക്കുളത്തെ ഫഌറ്റില്‍ വച്ച് ജാവദേക്കറെ കണ്ടു എന്ന് സമ്മതിച്ചിട്ടുണ്ട്. രാഷ്ട്രീയമൊന്നും സംസാരിച്ചില്ലെന്നാണ് ജയരാജന് പറഞ്ഞത്. കുറച്ചുകഴിഞ്ഞ് യോഗമുണ്ടെന്നുപറഞ്ഞ് ഞാനിറങ്ങി. മകനോട് ചായകൊടുക്കാനും പറഞ്ഞു. ചായകുടിക്കാതെ അവരും ഇറങ്ങി എന്നാണ് ജയരാജന് പറയുന്നത്. മകന്റെ വീടെന്താ ചായക്കടയാണോ എന്നാണ് കെ. സുധാകരന് പരിഹസിക്കുന്നത്. ഏതായാലും ജയരാജന്റെ മകന് ഇതുവരെ ഒന്നും പറയുന്നത് കേട്ടില്ല.
രാഷ്ട്രീയ നേതാക്കളെല്ലാം പിണറായിയെ പോലെയാകണം എന്ന് വാശിപിടിക്കാന്‍ പറ്റുമോ? നേതാക്കള്‍ തമ്മില്‍ സംസാരിക്കും. പാര്‍ട്ടി മാറ്റാന്‍ പറ്റുമെങ്കില്‍ മാറ്റും. സിപിഎം എത്രയെത്ര നേതാക്കളെ മാറ്റിയിട്ടുണ്ട്? സിപിഎമ്മില്‍ കൊള്ളാവുന്നവരുണ്ടെങ്കില്‍ കാലുമാറ്റി എടുക്കുന്നതില്‍ തെറ്റ് എന്താണ്? അങ്ങിനെയൊരാളുതന്നെയല്ലെ ജയരാജന്? ജയരാജനുമായി ജാവദേക്കര്‍ സംസാരിച്ചെങ്കില്‍ അതിലൊരു തെറ്റുമില്ല. പിന്നെ സിപിഎമ്മിനെപ്പോഴാണ് ശിവഭക്തി കൂടിയത്? പാപക്കറ പിടികൂടിയത് എപ്പോഴാണ്? എല്ലാം മിത്തല്ല സത്യവും അടങ്ങിയിട്ടുണ്ടെന്ന തിരിച്ചറിവുവന്നെങ്കില് അത്രയും നന്നായി. എങ്കില്‍ പിണറായിയും ജയരാജന്റെ വഴിക്കെത്തും. ഇതില്‍ സ്വാധീനവും ശക്തിയും ഭരണസ്ഥിരതയുമുണ്ടായ സംസ്ഥാനമായിരുന്നില്ലെ പശ്ചിമബംഗാള്‍. അവിടത്തെ പാര്‍ട്ടിയും നേതാക്കളും എങ്ങോട്ടുപോയി. ഒരാളെങ്കിലും നിയമസഭയിലുണ്ടോ? അവിടുത്തെ പലപ്രവര്ത്തകരയും നേതാക്കളേയും അന്വേഷിച്ചാല്‍ കണ്ടെത്താം കേരളത്തിലെ ‘അതിഥി’ തൊഴിലാളിയായി. പൊറോട്ട അടിക്കാനും ചായ ഉണ്ടാക്കാനും. അങ്ങിനെയൊരു സ്ഥിതി വരാതിരിക്കട്ടെ കേരളത്തിലെ ജയരാജന്മാര്ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: