കൂറ്റനാട്: സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ ഹര്‍ഷം വീട്ടില്‍ എം. മോഹനകൃഷ്ണന് (74) അന്ത്യാഞ്ജലി. ഇന്നലെ രാവിലെ ഷൊര്‍ണൂര്‍ ശാന്തീതിരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം.
മേഴത്തൂരിലെ കലാ-സാംസ്‌കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന മോഹനകൃഷ്ണന്‍ തിരൂര്‍ തെക്കന്‍കുറ്റൂര്‍ പരേതരായ അമ്മശ്ശം വീട്ടില്‍ കുട്ടികൃഷ്ണന്‍ നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ്. ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ത്തന്നെ നാടകം അഭിനയിച്ചു തുടങ്ങി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ പഠനകാലത്തിനിടയില്‍ മികച്ച നാടകാഭിനയത്തിനും കഥാ, കവിതാരചനകള്‍ എന്നിവയിലും കഴിവ് പ്രകടിപ്പിച്ചിരുന്നു.
ഏറെക്കാലം വിദേശത്തായിരുന്ന അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയശേഷം കാരുണ്യം, ഇംഗ്ലീഷ് മീഡിയം, അപ്പോത്തിക്കിരി, തിളക്കം, പൈതൃകം, ദേശാടനം, അയാള്‍ കഥയെഴുതുകയാണ് തുടങ്ങി നിരവധി സിനിമകളിലും സമദൂരം, അഭിനേത്രി, കായംകുളം കൊച്ചുണ്ണി തുടങ്ങിയ പ്രധാന സീരിയലുകളിലും വേഷങ്ങള്‍ ചെയ്തു. സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരോടുള്ള അടുപ്പമാണ്, നാടകരംഗത്തു നിന്ന് മോഹനകൃഷ്ണനെ സിനിമയിലേക്കെത്തിച്ചത്. അപ്പോത്തിക്കിരിയാണ് അവസാനമായി അഭിനയിച്ച സിനിമ. ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി വൈകാതെ അദ്ദേഹത്തിന് പക്ഷാഘാതം വരികയും തുടര്‍ന്ന് കിടപ്പിലുമായി.
തൃത്താല ഹൈസ്‌കൂളിലെ മുന്‍ അധ്യാപിക ശോഭനയാണ് ഭാര്യ. മക്കള്‍: ഹരികൃഷ്ണന്‍, അപര്‍ണ. മരുമക്കള്‍: സമര്‍ജിത് (വഡോദര), ലക്ഷ്മി (അധ്യാപിക, എറണാകുളം). സഹോദരങ്ങള്‍: ഇന്ദിര, സാവിത്രി, ചന്ദ്രിക, പ്രദീപ്, അജിത്, പരേതനായ ജയപ്രകാശ്. സംസ്‌കാരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: