രാമേശ്വരം: ഭാരതത്തിലെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് പാലമായ പാമ്പന്‍ നിര്‍മാണം അവസാനഘട്ടത്തില്‍. റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ നേതൃത്വത്തില്‍ 533 കോടി ചെലവിലാണ് നിര്‍മാണം. രാമേശ്വരം മണ്ഡപത്തില്‍ നിന്നുള്ള പാലത്തിന് 2.05 കി.മി. നീളമുണ്ട്. ജൂണ്‍ 30 ഓടെ പണി പൂര്‍ത്തിയായേക്കും.
2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട പാലത്തിന്റെ നിര്‍മാണം 2021 ഡിസംബറില്‍ പൂര്‍ത്തിയാകേണ്ടതാണ്. എന്നാല്‍ കൊവിഡ് മൂലം നീണ്ടു. പാലത്തിന്റെ ലിഫ്റ്റ് സ്പാന്‍ ഫിക്സിങ് പോയിന്റ് പണി ഈ മാസം തീരും. 18.3 മീറ്റര്‍ അകലത്തില്‍ 100 തൂണുകളുണ്ടാകും. കപ്പലുകള്‍ക്ക് പോകാന്‍ പാലത്തിന്റെ നടുവിലുള്ള 72.5 മീറ്റര്‍ ഭാഗം ഉയര്‍ത്താനാകും. 22 മീറ്റര്‍ ഉയരമുള്ള കപ്പലുകള്‍ക്കു വരെ ഇതിലൂടെ പോകാം. കപ്പലുകളും ബോട്ടുകളുമെത്തുമ്പോള് പാലത്തിന്റെ നടുഭാഗം കുത്തനെ ഉയരും. ട്രെയിന്‍ പോകുന്നതിന് താഴ്ന്ന് പഴയപടിയുമാകും. റെയില്‍വേയാണ് ഈ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുക. 2.65 ഡിഗ്രി വളവിലാണ് പാലം നിര്‍മാണം. പഴയ പാലത്തെക്കാള്‍ മൂന്ന് മീറ്റര്‍ കൂട്ടി സമുദ്രനിരപ്പില്‍ നിന്ന് 12.5 മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മാണം. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ റീഇന്‍ഫോഴ്സ്മെന്റ്, കോമ്പോസിറ്റ് സ്ലീപ്പറുകള്‍, ലോങ് ലൈഫ് പെയിന്റിങ് സിസ്റ്റം എന്നിവയെല്ലാം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
110 വര്‍ഷം പഴക്കമുള്ളതാണ് പഴയ പാമ്പന്‍ പാലം. 1964ല്‍ ചുഴലിക്കാറ്റില്‍ 115 യാത്രക്കാരുമായി ഇതിലൂടെ സഞ്ചരിച്ച ഒരു ട്രെയിന്‍ കടലില്‍ മുങ്ങിയെങ്കിലും പാലത്തിന്റെ തുറക്കുന്ന ഭാഗം തകര്‍ന്നില്ല. പിന്നീട് മെട്രോമാന് ഇ. ശ്രീധരന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണി നടത്തി വീണ്ടും ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന് 2022 ഡിസംബര്‍ 23നാണ് പാലം അടച്ചിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: